19.39 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ

മണ്ണാര്‍ക്കാട്:ലോഡ്ജ് മുറിയില്‍നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 19.39 ഗ്രാം എം.ഡി.എം.എ.യുമായി മലപ്പുറം സ്വദേശികളായ രണ്ടുപേരെ നാട്ടുകല്‍ പോലീസ് അറസ്റ്റുചെയ്തു.  പാണ്ടിക്കാട് വള്ളുവങ്ങാട് കറുത്തേടത്ത് ഷമീര്‍ (34), കരുവാരക്കുണ്ട് തരിശില്‍ പറമ്പത്ത് വീട്ടില്‍ ആഷിഖുദ്ദീന്‍(34) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി അലനല്ലൂര്‍ ചന്തപ്പടിയിലുള്ള ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്.


എം.ഡി.എം.എ. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന  രഹസ്യവിവരത്തെ തുടര്‍ന്ന് നാട്ടുകല്‍ സി.ഐ. എ. ഹബീബുള്ളയുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഷമീറിന്റെ കൈവശം 13.26 ഗ്രാം മയക്കുമരുന്നും ആഷിഖുദ്ദീനിന്റെ പക്കല്‍നിന്നും 6.13 ഗ്രാം മയക്കുമരുന്നും കണ്ടെടത്തു. ഇവര്‍ സഞ്ചരിക്കാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. എസ്.ഐ. രാമദാസ്, എ.എസ്.ഐ.മാരായ മുഹമ്മദ് സനീഷ്, ശ്രീജ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കമറുദ്ദീന്‍, റമീസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال