"ഒന്ന് ശിരുവാണി വരെ പോയാലോ"; നീണ്ട ഇടവേളയ്ക്ക് ശേഷം ശിരുവാണി തുറന്നു

മണ്ണാർക്കാട്: ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിനോദസഞ്ചാരികൾക്ക് ശിരുവാണിയുടെ സൗന്ദര്യം ആസ്വദിക്കാൻ  വീണ്ടും അവസരമൊരുങ്ങി. ഇന്ന് മുതൽ ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദർശകർക്ക്‌ പ്രവേശനം ആരംഭിച്ചു. രാവിലെ ഒമ്പതിനും പകൽ 12നും 2.30നുമാണ്‌ സന്ദർശകരുടെ വാഹനത്തിൽ ഗൈഡിന്റെ സഹായത്തോടെ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം. പശ്ചിമഘട്ട മലനിരകളോട് ചേർന്ന നയന മനോഹരമായ കാഴ്ചകളും പ്രകൃതി ഭംഗിയും ആവോളം ആസ്വദിക്കുവാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. വനം വകുപ്പ് അനുമതി ലഭിച്ചവർക്കാണ് പ്രവേശനം ലഭിക്കുക. സഞ്ചാരികള്‍ക്ക് ശിരുവാണി ഡാം, കേരളമേട്, പുല്‍മേട്ട് ട്രക്കിങ് എന്നിവ ഉള്‍പ്പെട്ട ഇഞ്ചിക്കുന്ന് മുതല്‍ കേരള മേട് വരെയുള്ള 21 കിലോമീറ്റർ ദൈർഘ്യമുള്ള വനപ്രദേശങ്ങളിലൂടെയുള്ള സവാരിക്ക് പ്രത്യേക സൗകര്യം വനം വകുപ്പ് ഒരുക്കിയിട്ടുള്ളത്. പ്രളയകാലാനന്തരമുള്ള റോഡ് തകർച്ചയും വിനോദസഞ്ചാരികളുടെ സുരക്ഷയും പരിഗണിച്ചാണ് വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

നിലവില്‍ മുൻകൂർ ബുക്കിങ് ചെയ്തു വരുന്ന സന്ദർശകർക്കാണ് പാസ് ലഭിക്കുക. സന്ദർശകർ വരുന്ന വാഹനത്തില്‍ പരമാവധി മൂന്ന് മണിക്കൂർ നേരം സന്ദർശനം അനുവദിക്കും. ദിവസേന രാവിലെ ഒൻപത്, ഉച്ചക്ക് 12, ഉച്ചക്ക് ശേഷം 2.30 എന്നിങ്ങനെ മൂന്ന് ബാച്ചുകളിലായാണ് സന്ദർശനം അനുവദിക്കുന്നത്. അഞ്ച് സീറ്റുള്ള വാഹനങ്ങള്‍ക്ക് 2000 രൂപ, ഏഴ് സീറ്റുള്ള വാഹനങ്ങള്‍ക്ക് 3000 രൂപ, 12 സീറ്റുള്ള വാഹനങ്ങള്‍ക്ക് 5000 രൂപ, 13 മുതല്‍ 17 സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക് 6500 രൂപയുമാണ് പ്രവേശന ഫീസ്. ഇരുചക്രവാഹനങ്ങള്‍ക്ക് പ്രവേശന അനുമതിയില്ല. പ്രത്യേക വഴികാട്ടികളുടെ സഹായവും വിനോദസഞ്ചാരികള്‍ക്ക് ലഭിക്കും. പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ ഇടക്കുർശ്ശി ശിരുവാണി കവലയില്‍ നിന്നും 16 കിലോമീറ്ററുള്ള മലമ്ബാത വഴി ശിരുവാണി മേഖലയിലെത്തിച്ചേരാനാവും. വിവരങ്ങള്‍ക്ക് 8547602366 ല്‍ ബന്ധപ്പെടാമെന്ന് മണ്ണാർക്കാട് ഡി.എഫ്.ഒ. സി. അബ്ദു ലത്തീഫ് അറിയിച്ചു.
Previous Post Next Post

نموذج الاتصال