മണ്ണാർക്കാട്: ഹൈസ്കൂൾ മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് ഇനി പഠനം ദുഷ്ക്കരമാവില്ല. ഒരു വിദ്യാർത്ഥിക്ക് ഒരു അധ്യാപിക എന്ന രീതിയിൽ ക്ലാസ് നൽകുന്ന ലേർണിംഗ് ആപ് ഈസി ട്യൂഷൻ പുറത്തിറങ്ങി. പൂർണമായും കോളേജിലെ വിദ്യാർഥികൾ രൂപകൽപന ചെയ്ത, കോളേജിലെ വിദ്യാർത്ഥിനികൾ മാത്രം അധ്യാപകരായ ലേർണിംഗ് ആപ് മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിന്റെ നേതൃത്വത്തിലാണ് പുറത്തിറക്കിയത്. പെൺകുട്ടികൾക്ക് പഠനത്തോടൊപ്പം അധ്യാപനവൃത്തിയിലൂടെ സമ്പാദ്യവും നൽകുക എന്ന ലക്ഷ്യത്തോടെ കോളേജിലെ വുമൺ സെൽ ആണ് ഇത്തരം ഒരു ആപ്പിന്റെ ആശയം അവതരിപ്പിച്ചതെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോളേജിലെ ആദ്യത്തെ സ്റ്റുഡന്റ് സ്റ്റാർട്ട് അപ്പ് സംരംഭമായ ഹെക്സൺ ടെക്നോളജീസിലെ സംരംഭകരായ മുഹമ്മദ് സ്വാലിഹ് എൻ , ഷിജാസ് കെ എന്നിവരാണ് ആണ് ആപ്പ് രൂപകൽപന ചെയ്തത്. കോളേജിലെ ടെക്നോളജി ബിസിനസ് ഇൻക്യൂബേഷൻ സെന്ററിന്റെയും പി ടി എ യുടെയും സഹകരണത്തോടെയാണ് ആപ്പ് പുറത്തിറക്കിയത്. ഹൈസ്കൂൾ മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ആപ്പ്. ഒരു വിദ്യാർത്ഥിക്ക് ഒരു അദ്ധ്യാപിക ക്ലാസ് നൽകുന്ന രീതിയിലാണ് പ്രവർത്തനം. ക്ലാസ്സിന്റെ സാമ്പിൾ വീഡിയോ കണ്ട് അധ്യാപികയെ തെരഞ്ഞെടുക്കാനും, ഇഷ്ടമുള്ള സമയ സ്ലോട്ടുകൾ പഠനത്തിനായി ഉപയോഗപ്പെടുത്താനും കഴിയും. എം ഇ എസ് കല്ലടി കോളേജിലെ നൂറോളം വിദ്യാർഥിനികളാണ് ആദ്യ ഘട്ടത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപികമാരായി എത്തുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ പി എ ഫസൽ ഗഫൂർ ഈസി ട്യൂഷൻ ആപ്പിന്റെ പ്രകാശനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ഡോ സി രാജേഷ് അധ്യക്ഷനായി . ഡോ സൈനുൽ ആബിദിൻ, ഡോ യാസ്മിൻ സി കെ , അസിസ്റ്റന്റ് പ്രൊഫെസ്സർമാരായ പ്രീത രാജഗോപാലൻ, ശ്രീവിദ്യ എൻ ആർ , റീന കെ എന്നിവർ പങ്കെടുത്തു.
വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ സി രാജേഷ്, വൈസ് പ്രിൻസിപ്പൽ ഡോ ടി കെ ജലീൽ, ടെക്നോളജി ബിസിനസ് ഇൻക്യൂബേഷൻ സെന്റർ കോഓർഡിനേറ്റർ ഡോ സൈനുൽ ആബിദിൻ കെ., പി ടി എ സെക്രട്ടറി ക്യാപ്റ്റൻ സൈതലവി, വുമൺ സെൽ കോഓർഡിനേറ്റർ ഡോ യാസ്മിൻ സി കെ എന്നിവർ പങ്കെടുത്തു.