മണ്ണാർക്കാട്: ഉപജില്ലാ കലോത്സവം നടക്കുന്നതിനിടെ പ്രധാനവേദിയുടെ തുണിപ്പന്തൽ പൊട്ടിവീണ് ഒരു വിദ്യാർഥിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ചെർപ്പുളശ്ശേരി ഉപജില്ലാ കലോത്സവം നടക്കുന്ന കുണ്ടൂർക്കുന്ന് ടി.എസ്.എൻ.എം. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനവേദിയുടെ തുണിപ്പന്തലാണ് പൊട്ടിവീണത്. തോട്ടര ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും ആറ്റാശ്ശേരി പനാംകുന്ന് സ്വദേശിനിയുമായ നാഫില (13), ആറ്റാശ്ശേരി വിമല (49), തച്ചനാട്ടുകര സ്വദേശിനി ഇന്ദിര (43), ആലിപ്പറമ്പ് ശ്രീജിത്ത് (40) എന്നിവർക്കാണ് പരിക്കേറ്റത്. സ്കൂൾ വളപ്പിൽ തന്നെയുള്ള ആംബുലൻസുകളിൽ പരിക്കേറ്റവരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തികളിലെത്തിച്ചു. തലയ്ക്ക് മുറിവേറ്റ വിദ്യാർഥിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചുത്. പരിക്കേറ്റ മറ്റുള്ളവരെ തച്ചനാട്ടുകര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. അപകടസമയത്ത് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയായതിനാൽ കുറച്ചുപേർമാത്രമാണ് പന്തലിലുണ്ടായിരുന്നത്. പന്തലിന്റെ പിൻവശത്തുനിന്നാണ് ആദ്യം പൊളിഞ്ഞുതുടങ്ങിയത്. ഇതോടെ, ഉള്ളിലുണ്ടായിരുന്നവർ ചിതറിയോടി. പിന്നീട് പന്തൽ മുഴുവനായും തകർന്നുവീഴുകയായിരുന്നു.
വാർത്ത കടപ്പാട്