പാലക്കാട് നാടകീയ രംഗങ്ങൾ; ആരോപണം, പരിശോധന, മുറികളിൽ നിന്ന് ഒന്നും കിട്ടിയില്ലെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് വനിതാ കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. ഉപതെരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന പരാതിയിൽ ഇന്നലെ അർധരാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പരിശോധനയിൽ പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എസിപി അശ്വതി ജിജി അറിയിച്ചു.

നാടകീയ രംഗങ്ങൾക്കാണ് ഇന്നലെ രാത്രി പാലക്കാട് സാക്ഷ്യം വഹിച്ചത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണമെത്തിച്ചെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധനയ്‌ക്കെത്തി എന്നാണ് വിവരം. അർധരാത്രി 12 മണിയോടെ വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലേക്ക് പൊലീസെത്തി പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വനിതാ പൊലീസ് ഇല്ലാതെയാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്.

ബിന്ദു കൃഷ്ണയുടെ മുറിയിൽ ആദ്യം പരിശോധന നടത്തിയ പൊലീസ് പിന്നീട് ഷാനിമോൾ ഉസ്മാനെയും സമീപിച്ചു. എന്നാൽ വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ നിലപാട്. തുടർന്ന് വനിതാ പൊലീസിനെ എത്തിച്ച് പൊലീസ് പരിശോധന പൂർത്തിയാക്കി. പരിശോധിച്ച മുറികളിൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന സാധാരണ പരിശോധനയാണിതെന്നും ആരും പരാതി നൽകിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

രാഹുലിനായ് കാറിൽ പണമെത്തിച്ചെന്നായിരുന്നു ആരോപണം. സംഭവസമയം രാഹുൽ ഉൾപ്പടെ ഹോട്ടലിൽ ഉണ്ടെന്ന് സിപിഎം-ബിജെപി നേതാക്കൾ ആരോപിച്ചെങ്കിൽ താൻ കോഴിക്കോട് ആണ് ഉള്ളതെന്ന് അവകാശപ്പെട്ട് രാഹുൽ ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കൾ സ്ഥലത്തെത്തിയതോടെ കോൺഗ്രസ് പ്രവർത്തകരും ഇവരും തമ്മിൽ കയ്യാങ്കളിയുണ്ടായി. അതേസമയം പൊലീസിന്‍റെ സഹായത്തോടെ സിപിഎം നടത്തുന്ന നാടകമാണ് ഹോട്ടലിലെ റെയിഡെന്ന് വികെ ശ്രീകണ്ഠൻ എംപിയും ഷാഫി പറമ്പിൽ എംഎൽഎയും ആരോപിച്ചു. തങ്ങൾ ഓടിയൊളിച്ചെന്നാണ് പറയുന്നത്. അത് തെളിയിച്ചാൽ മുടി മൊട്ടയടിക്കുമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൻമാരുടെ നേതാവ് പരിശോധിച്ചു, എന്നിട്ട് എന്ത് കിട്ടി എന്ന് പൊലീസ് വ്യക്തമാക്കണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

തങ്ങളുടെ മുറിയിൽ കയറി പരിശോധന നടത്തിയിട്ട് എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽണമെന്ന് ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടു. പത്ത് പതിനഞ്ച് ദിവസമായി താമസിക്കുന്ന മുറിയാണ്. പൊലീസുകാരുൾപ്പടെ തന്‍റെ പ്രൈവസിയിലേക്ക് കടന്നുകയറുയാണ് ചെയ്തത്. ഒരു വനിതാ പൊലീസുകാർ പോലും സംഘത്തിലുണ്ടായിരുന്നില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
Previous Post Next Post

نموذج الاتصال