പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി മൂന്ന് പേർക്ക് ദാരുണാന്ത്യം. പുഴയിലേക്ക് തെറിച്ചുവീണ വീണ നാലാമത്തെയാളെ കണ്ടെത്താനായില്ല. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ മൂന്ന് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. വില്ലുപുരം സ്വദേശികളായ , വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ലക്ഷ്മണൻ ആണ് പുഴയിലേക്ക് വീണത്.
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. നാലുപേരും കരാര്‍ തൊഴിലാളികളാണ്. ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെയാണ് ഇവരെ ട്രെയിൻ തട്ടിയത്. ട്രെയിനിടിച്ചശേഷം ഒരാള്‍ പുഴയിലേക്ക് വീണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ട്രെയിൻ വരുമ്പോള്‍ രണ്ടു പുരുഷന്മാരും പാലത്തിന്‍റെ നടുഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ഇവരെ ട്രെയിൻ ഇടിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഭാരതപ്പുഴക്ക് കുറുകെ ഷൊർണൂരിലെ ചെറുതുരുത്തിയിലാണ് കൊച്ചിൻ പാലമുള്ളത്.
സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്ന് പേരും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. പാലത്തിൽ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ട്രെയിൻ വന്നു. ട്രാക്കിൽ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. ട്രെയിൻ വരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട്. പത്തു പേരടങ്ങുന്ന ശുചീകരണ തൊഴിലാളികളാണ് പാളത്തിൽ നിന്ന് മാലിന്യം ശേഖരിച്ചിരുന്നത്. ഇതിൽ ആറു പേര്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം.
മാലിന്യം നീക്കം ചെയ്യുന്നതിന് റെയില്‍വെ പുറം കരാര്‍ നൽകിയ സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.