പൊന്മുടി സ്വരാജ് ഗേറ്റിൽ കണ്ടെന്ന് പറയുന്ന ‘ യക്ഷി‘ യെ തേടി പൊലീസ്

തിരുവനന്തപുരം: വിതുര പൊന്മുടി സംസ്ഥാന ഹൈവേയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന സ്വരാജ് ഗേറ്റ് പരിസരത്ത് ‘യക്ഷി’യെ കണ്ടെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ നടന്നു കൊണ്ടിരിക്കുന്ന പ്രചാരണം സംബന്ധിച്ച് അന്വേഷണം തുടങ്ങി വിതുര പൊലീസ്. നിരോധിത ലഹരി വസ്തുക്കളുടെ വിൽപനയ്ക്കു വേണ്ടി ‘യക്ഷിക്കഥ’ പ്രചരിപ്പിച്ചതാണെന്ന് വിതുര ഇൻസ്പെക്ടർ പ്രദീപ് കുമാർ  പറഞ്ഞു. 

ഭീതി പരത്തുന്ന തരത്തിലുള്ള അസ്വാഭാവിക വേഷം ധരിച്ച യുവതിയുടെ ചിത്രമാണ് ‘യക്ഷി’യെന്ന പേരിൽ പ്രചരിച്ചത്. ഇതിനൊപ്പം ഒരു ശബ്ദ രേഖയും പ്രചരിച്ചു. സ്വരാജ് ഗേറ്റിൽ നിന്നും ചാരുപറ വഴി ചായത്തേക്കു വന്നപ്പോൾ ഗേറ്റിൽ നിന്നും ഏതാനും മീറ്റർ മാത്രം അകലെ ‘യക്ഷി’യെ കണ്ടെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അതുവഴി പോകുന്നവർ ശ്രദ്ധിക്കണമെന്നും ആയിരുന്നു ശബ്ദ രേഖയിൽ ഉണ്ടായിരുന്നത്

പിന്നാലെ ചിത്രത്തിന്റെയും ശബ്ദ രേഖയുടെയും ആധികാരിക പൊലീസ് പരിശോധിച്ചു. അന്വേഷണത്തിനൊടുവിൽ ചിത്രം ‘യക്ഷിക്കഥ’യെന്ന തലക്കെട്ടോടെ തന്നെ ബിഹാറിലെ ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റി പ്രചരിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ശബ്ദ രേഖയുടെ ഉടമയെ തിരിച്ചറിഞ്ഞിട്ടില്ല. സംസാര രീതി പ്രകാരം ശബ്ദത്തിന്റെ ഉടമ പരിസരവാസി ആണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. അനധികൃത ലഹരി വിൽപനയുമായി ബന്ധമുള്ള പ്രദേശത്തെ ചിലരുടെ ശബ്ദവുമായി സാമ്യമുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പൊലീസ് പറഞ്ഞു. 

അതേ സമയം ‘യക്ഷിക്കഥ’ പ്രചരിച്ചതിനു പിന്നാലെ നാട്ടുകാർ യക്ഷിയെ കണ്ടെത്താൻ രാത്രി ശ്രമം നടത്തിയിരുന്നു. എന്നാൽ ‘യക്ഷി’യുടെ പൊടി പോലും കിട്ടിയില്ല. എന്നാൽ രാത്രി സമയത്ത് സ്വരാജ് ഗേറ്റിനു സമീപം ചിലർ ബൈക്കിൽ വന്ന ശേഷം മടങ്ങുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Previous Post Next Post

نموذج الاتصال