ആലപ്പുഴ: രാത്രി ഒൻപതുമണിയോടെ കനത്ത മഴയ്ക്കിടെ കൂട്ടിയിടിയുടെ ശബ്ദം കേട്ടാണ് സമീപവാസികളും അതുവഴിപോയവരുമെല്ലാം ഓടിക്കൂടിയത്. കാർ വന്ന് ഇടിച്ചതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരി ചില്ലിലേക്ക് തെറിച്ചുവീണു. കാർ വെട്ടിപ്പൊളിച്ച് വിദ്യാർഥികളെ പുറത്തെടുക്കുമ്പോൾ കാറോടിച്ചിരുന്നയാൾക്കു മാത്രമാണ് അല്പം ബോധമുണ്ടായിരുന്നത്. ഇയാളിൽനിന്നാണ് മെഡിക്കൽ കോളേജ് വിദ്യാർഥികളാണെന്നുള്ള വിവരം ലഭിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മലപ്പുറം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്സിന്‍ മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്
കനത്ത മഴയ്ക്കിടെ നാട്ടുകാർ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവിടെ വെളിച്ചക്കുറവുമുണ്ടായിരുന്നു ട്രാഫിക് പോലീസിന്റെ ഉൾപ്പെടെ വാഹനത്തിലാണ് പരിക്കേറ്റവരെയും മറ്റും ആശുപത്രിയിലെത്തിച്ചത്. ബസ്സിനിടയിൽ കാർ കുടുങ്ങിയ നിലയിലായിരുന്നു. ബസ് പിന്നിലേക്കു തള്ളിമാറ്റിയാണ് കാർ വേർപെടുത്തിയത്. കാർ പൂർണമായി തകർന്നു.
കനത്ത മഴയിൽ കാർ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനം ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. അതിവേഗത്തിന് സാധ്യതയുള്ള പ്രദേശമല്ലിതെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കാർ ബസ്സിലേക്ക് വന്നിടിക്കുകയായിരുന്നെന്ന് ബസ് ഡ്രൈവർ പറഞ്ഞു.വിദ്യാർഥികൾ സിനിമ കാണാനായി പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസിൽ രാത്രി ഒൻപതരയ്ക്കും ഒൻപതേമുക്കാലിനും ഓടുന്ന പുതിയ സിനിമ കാണുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു കാറിൽ ചങ്ങനാശ്ശേരി റോഡിൽനിന്ന് ഹൈവേയിൽക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടതെന്നും പറയുന്നു. ഹൈവേയുടെ തിരക്കിൽനിന്നൊഴിഞ്ഞ് ഇടറോഡിലൂടെ ചങ്ങനാശ്ശേരി റോഡിലെത്തി ഹൈവേയിലേക്കു കയറുകയായിരുന്നെന്നാണ് സമീപവാസികൾ സംശയിക്കുന്നത്. മഴയും ഇരുട്ടും എതിരേവന്ന വാഹനം കാണുന്നതിനു തടസ്സമായതും അപകടത്തിനു കാരണമായതായി ഇവർ പറയുന്നു. അപകടം നടന്ന സ്ഥലത്തുനിന്ന് തിയേറ്ററിലേക്ക് നാലുകിലോമീറ്ററോളം ദൂരംമാത്രമാണുള്ളത്. ഒൻപതുമണിയോടെയാണ് അപകടം നടക്കുന്നത്. അതിനാൽ വേണ്ടുവോളം സമയമുണ്ടായിരുന്നതിനാൽ അതിവേഗത്തിൽ വാഹനം ഓടിക്കേണ്ട കാര്യമില്ലെന്നും കൂട്ടുകാർ പറയുന്നു.
Tags
kerala