പാലക്കാട്: കാരാട്ട് കുറീസ് ചിട്ടിതട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതിയും കമ്പനിയുടെ ഉടമസ്ഥരിലൊരാളുമായ മലപ്പുറം നിലമ്പൂർ ചുങ്കത്തറ പൂക്കോട്ടുമന ശ്രീജിത്തിനെയാണ് (38) പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് അന്വേഷണസംഘം പറഞ്ഞു.
മലപ്പുറം സ്വദേശികളായ മുബഷിർ, സന്തോഷ്, ശ്രീജിത്ത് എന്നിവരുടെ ഉടമസ്ഥതയിൽ പാലക്കാട് മഞ്ഞക്കുളം പള്ളിക്കുസമീപം പ്രവർത്തിച്ചിരുന്ന കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചിട്ടിനിക്ഷേപത്തിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച് ചിട്ടി കാലാവധി പൂർത്തീകരിച്ചിരുന്നു. എന്നാൽ, നിക്ഷേപകർക്ക്, പിടിച്ച സലയുടെ തുകനൽകാതെ പറ്റിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്ഥാപനത്തിനെതിരേ നൂറോളം പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. പരാതിക്കുപിന്നാലെ നടത്തിപ്പുകാർ സ്ഥാപനംപൂട്ടി ഒളിവിൽപ്പോവുകയായിരുന്നു. പോലീസ് ഇവരുടെ ഓഫീസ് പരിശോധിച്ച് രേഖകളും രജിസ്റ്ററും പിടിച്ചെടുത്തിരുന്നു. ജില്ലയിൽ മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നിവിടങ്ങളിലുള്ള സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾക്കെതിരെയും ഒട്ടേറെ പരാതികളുണ്ടെന്ന് പോലീസ് പറഞ്ഞു. മലപ്പുറം, തൃശ്ശൂർ ജില്ലകളിലും കാരാട്ട് കുറീസിന്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. അറസ്റ്റിലായ ശ്രീജിത്തിനെ കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്തു.
പാലക്കാട് എ.എസ്.പി. അശ്വതി ജിജി, സൗത്ത് ഇൻസ്പെക്ടർ ആദംഖാൻ, സൗത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സി. ഐശ്വര്യ, എം. വിജയകുമാർ, വിനോദ് കുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ ബിജു, ഹരിപ്രസാദ്, സീനിയർ പോലീസ് ഓഫീസർമാരായ ശശികുമാർ, അജിത്ത് മൃദുലേഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്
Tags
kerala