9 കിലോ ചന്ദനവുമായി മൂന്ന് പേർ പിടിയിൽ

മണ്ണാര്‍ക്കാട്: അരകുറുശ്ശി ഭാഗത്ത് നടത്തിയ വാഹനപരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന  ഒമ്പത് കിലോ ചന്ദനം വനംവകുപ്പ് പിടികൂടി. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.  അഗളി കല്‍ക്കണ്ടി പൈനാട്ട് വീട്ടില്‍ റഫീഖ് (42),  മണ്ണാര്‍ക്കാട് കൊടുവാളിക്കുണ്ട്  കൊടപ്പനയ്ക്കല്‍ ഹുസൈന്‍ (28), കോല്‍ക്കാട്ടില്‍ മുഹമ്മദ് നവാസ് (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ  വൈകീട്ടാണ് സംഭവം.  

അട്ടപ്പാടിയില്‍ നിന്നും കാറില്‍ മണ്ണാര്‍ക്കാട്ടേക്ക് ചന്ദനം കടത്തുന്നുണ്ടെന്ന് മണ്ണാർക്കാട് ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു വാഹന പരിശോധന.  മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മുഹമ്മദ് അഷ്‌റഫ്, ആര്‍.ആര്‍.ടി. എന്നിവരുടെ നേതൃത്വത്തിൽ അരകുറുശ്ശി ഭാഗത്ത് പരിശോധന നടത്തുകയും കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയുമായിരുന്നു.കാറിന്റെ ഡിക്കിയില്‍ ചെറിയ കഷ്ണങ്ങളാക്കി സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനം. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വില്‍പ്പന നടത്താനായി എത്തിച്ചതായിരുന്നു ചന്ദനമെന്നതാണ് ലഭ്യമായ വിവരം. മൂന്നുപേരെയും ചന്ദനം കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.  ചന്ദനത്തിന്റെ ഉറവിടവും ആര്‍ക്ക് കൈമാറ്റം ചെയ്യാനാണെന്നതുസംബന്ധിച്ചുമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതുസംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.എഫ്.ഒ. അറിയിച്ചു.
Previous Post Next Post

نموذج الاتصال