"മുച്ചീട്ടുകളിക്കാരന്റെ മകൾ" മണ്ണാർക്കാട് എത്തിയതിന് കൈയ്യടികൾ ഏറ്റുവാങ്ങി ലയൺസ് ക്ലബ്ബ്

മണ്ണാർക്കാട്: ഒരു നാടകം കാണാൻ ഇത്രയും അധികം ആളുകളോ എന്ന് ചിന്തിച്ചവരാകും മണ്ണാർക്കാട് എം.പി ഓഡിറ്റോറിയത്തിൽ 29ാം തിയ്യതി വൈകീട്ട് നാടകം കാണാൻ എത്തിയവരിൽ ഭൂരിഭാഗം പേരും. ലയൺസ് ക്ലബിന്റെ സംഘാടക മികവ് വിളിച്ചോതുന്നതായിരുന്നു വേദിയും അരങ്ങും. തുടക്കം മുതൽ ഒടുക്കം വരെ ദൃശ്യാനുഭവം കൊണ്ട് വിസ്മയിപ്പിച്ച സാഹിതി തീയ്യേറ്റേഴ്‌സിന്റെ  'മൂച്ചീട്ടുകളിക്കാരന്റെ മകൾ' നാടകത്തിന് മണ്ണാര്‍ക്കാട്ടുകാരുടെ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ഒരു നിമിഷം പോലും ബോറടിക്കാതെ ഒരു നാടകം കണ്ടുതീർത്തതിന്റെ ആശ്ചര്യത്തിലായിരുന്നു എത്തിയവരിൽ ഭൂരിഭാഗം പേരും വിശ്വകഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന നാടകം കാണികൾക്ക് പുത്തൻ അനുഭവമായി എന്നതാണ് സത്യം. തുഴഞ്ഞ് പോകുന്ന വഞ്ചിയും, നാട്ടുചന്തയും പ്രേക്ഷകരുടെ മനസിൽ ദൃശ്യവിരുന്നായി. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ഥം മണ്ണാർക്കാട് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് നാടകം സംഘടിപ്പിച്ചത്.  മണ്ണാർക്കാട് എം.പി. ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ നാടകം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പാസ് മുഖേനയായിരുന്നു പ്രവേശനം. പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെയാണ് സാഹിതി തീയേറ്റേഴ്‌സ് അരങ്ങിലേക്കെത്തിച്ചത്. 

പ്രധാന കഥാപാത്രമായ ഒറ്റക്കണ്ണന്‍ പോക്കറിന്റെ നേതൃത്വത്തിൽ ബഷീർ കഥാപാത്രങ്ങളായ ആനവാരി രാമൻ നായരും പൊൻ കുരിശ് തോമയും മണ്ടൻ മുസ്ഥഫയും സൈനബയും സ്‌റ്റേജിൽ എത്തിയതോടെ പ്രേക്ഷകരും ആവേശത്തിലായി. അഭിനേതാക്കളുടെ അഭിനയ മികവ് രണ്ടരമണിക്കൂറോളം പ്രേഷകരെ പിടിച്ചിരുത്തി. 

ക്ലബ് പ്രസിഡന്റ് ഷൈജു ചിറയില്‍, സെക്രട്ടറി സുബ്രഹ്മണ്യന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഷിബു, അജിത് പാലാട്ട്, പി. അനസ് എന്നിവര്‍ സംസാരിച്ചു.
കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികളായ രണ്ടുപേര്‍ക്ക് യഥാക്രമം സ്വര്‍ണനാണയവും സ്മാര്‍ട്ട് ഫോണും സമ്മാനമായി നല്‍കി.
Previous Post Next Post

نموذج الاتصال