മണ്ണാർക്കാട്ടെ ടിപ്പു സുൽത്താൻ റോഡ്; രണ്ടാംഘട്ട ടാറിങ്ങും പൂർത്തിയായി

മണ്ണാര്‍ക്കാട്: ഏറെക്കാലമായി കാത്തിരുന്ന  മണ്ണാര്‍ക്കാട് - കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിലെ രണ്ടാംഘട്ട ടാറിങും പൂര്‍ത്തിയായി.  മണ്ണാര്‍ക്കാട് മുതല്‍ പള്ളിക്കുറുപ്പുവരെ അവശേഷിച്ചിരുന്ന രണ്ടാംഘട്ട ടാറിങ്  കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി.)
പൂര്‍ത്തിയാക്കിയത്. കുണ്ടും കുഴികളും നിറഞ്ഞ് യാത്ര ദുഷ്കരമായ റോഡ് ഇതോടെ സുഗമമായി യാത്ര ചെയ്യത്തക്ക വിധത്തിലുള്ള നിലവാരമുള്ള റോഡായി മാറി. അരികിൽ ഓവ് ചാലും, കലുങ്കുകളും, നിലവാരമുള്ള ടാറിങ്ങുമായി ഈ റോഡ് മാറി, പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാടിനും മുണ്ടൂരിനും ഇടയില്‍ ഗതാഗതതടസം നേരിട്ടാല്‍ വലിയ വാഹനങ്ങളുള്‍പ്പടെ സഞ്ചരിക്കാനുള്ള ബദല്‍മാര്‍ഗം കൂടിയാണ് ഈ  റോഡ്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ 2021ലാണ് കെ.ആര്‍.എഫ്.ബി.യുടെ മേല്‍നോട്ടത്തില്‍ റോഡ് വീതി കൂട്ടി നവീകരണംതുടങ്ങിയത്. 17 കിലോമീറ്ററാണ് ആകെയുള്ള ദൂരം.  11 മീറ്റര്‍ വീതിയുള്ള റോഡില്‍ ഏഴ് മീറ്ററിലാണ് ടാറിങുള്ളത്. 60 കലുങ്കുകള്‍ നിര്‍മിച്ചിട്ടുണ്ട്. ആകെയുള്ള ദൂരത്തില്‍ കുറച്ച് ദൂരംമാത്രമാണ് അഴുക്കുചാലുകളില്ലാത്തത്. ഒന്നരവര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നരവര്‍ഷത്തിലധികം സമയമെടുത്തു. ഫണ്ടിന്റെ ലഭ്യതയുള്‍പ്പടെയുള്ള  തടസങ്ങളാണ് ഇതിന് കാരണമായത്.  മാസങ്ങളുടെ ഇടവേളയിലാണ് ടാറിങ് നടന്നത്. കൊട്ടശ്ശേരി മുതല്‍ പള്ളിക്കുറുപ്പ് വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യം രണ്ട് പാളി ടാറിങ് പൂര്‍ത്തിയാക്കിയത്. ഓഗസ്റ്റ് മാസത്തില്‍ മണ്ണാര്‍ക്കാട് ഭാഗത്തും പ്രവൃത്തികള്‍ തുടങ്ങി.  ഒന്നാംഘട്ട ടാറിങ് വേഗത്തില്‍ നടത്തി. ഇതോടെ വാഹനയാത്ര സുഗമമമായി. റോഡ് നവീകരണത്തിനായി 53.6 കോടിരൂപയാണ് കിഫ്ബി ആദ്യം അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സമര്‍പ്പിച്ച 61 കോടിരൂപയുടെ പുതുക്കിയ അടങ്കലിന് കിഫ്ബി അംഗീകാരം നല്‍കാത്തതിനാല്‍ രണ്ടാം ഘട്ടം വൈകി.  അംഗീകാരം ലഭ്യമായമുറയ്ക്കാണ് കരാറുകാരന്‍ പള്ളിക്കുറുപ്പ് മുതല്‍ മണ്ണാര്‍ക്കാടുവരെ നാല് കിലോമീറ്ററില്‍ രണ്ടാംഘട്ട ടാറിങ് കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയാക്കിയത്.
Previous Post Next Post

نموذج الاتصال