കൊച്ചി: ഇത് ബോബി ചെമ്മണൂരിന്റെ ആദ്യത്തെ 'ജയിൽവാസം' അല്ല. ആറുവർഷങ്ങൾക്ക് മുമ്പ് തെലങ്കാനയിലെ ജയിലിൽ ബോബി ചെമ്മണൂർ 'തടവുകാരനാ'യിരുന്നു. പക്ഷേ, തെലങ്കാന ജയിൽവകുപ്പിന്റെ 'ഫീൽ ദി ജയിൽ' പദ്ധതിയിൽ ഫീസ് നൽകിയാണ് അന്ന് ബോബി ചെമ്മണൂർ 'ജയിൽവാസം' അനുഭവിച്ചത്. ഒടുവിൽ വർഷങ്ങൾക്കിപ്പുറം ബോബി ചെമ്മണൂർ ഒരു കേസിൽപ്പെട്ട് 'ശരിക്കും' ജയിലിലായിരിക്കുകയാണ്. നടിക്കെതിരേ അധിക്ഷേപം നടത്തിയ കേസിൽ കാക്കനാട് ജയിലിലാണ് ബോബിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുന്നത്.
2018-ലാണ് തെലങ്കാന ജയിൽവകുപ്പിന്റെ 'ഫീൽ ദി ജയിൽ' പദ്ധതിയുടെ ഭാഗമായി ബോബി ചെമ്മണൂരും ജയിലിൽ താമസിച്ചത്. തെലങ്കാന സങ്കറെഡ്ഡിയിലെ സെൻട്രൽ ജയിലിലായിരുന്നു അന്നത്തെ താമസം. ഒരു തടവുകാരൻ എങ്ങനെയാണോ ജയിലിൽ കഴിയുന്നത്, അതേരീതിയിലായിരുന്നു 'ഫീൽ ദി ജയിൽ' പദ്ധതിയിൽ പങ്കെടുക്കുന്നവർക്കും ജയിലിൽ താമസമൊരുക്കിയിരുന്നത്. ഒരുദിവസം ജയിലിൽ കഴിയാൻ ഒരാൾക്ക് 500 രൂപയായിരുന്നു അന്ന് തെലങ്കാന ജയിൽ വകുപ്പ് ഈടാക്കിയിരുന്ന ഫീസ്. 2018-ൽ ബോബിക്കൊപ്പം രണ്ട് സുഹൃത്തുക്കളും ഈ പദ്ധതി പ്രകാരം ജയിലിൽ താമസിച്ചിരുന്നു. ജയിലിൽ തടവുകാർക്ക് നൽകുന്ന ഭക്ഷണമായിരുന്നു.
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി, പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Tags
kerala