പതിമൂന്ന്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി

തളിപ്പറമ്പ് (കണ്ണൂർ): 13 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ മരണംവരെ തടവിന് ശിക്ഷിച്ച് കോടതി. പ്രതിയായ 46-കാരനെയാണ് രണ്ടുവകുപ്പുകളിലായി മരണം വരെ തടവിന് ശിക്ഷിച്ചത്. മറ്റൊരു വകുപ്പിൽ 47 വർഷം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ. രാജേഷാണ് പ്രതിയെ ശിക്ഷിച്ചത്. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. വർഷങ്ങളായി വിദേശത്ത് ജോലിചെയ്തിരുന്ന ഇയാൾ കോവിഡ് കാലത്ത് നാട്ടിലെത്തി ക്വാറന്റീനിൽ കഴിഞ്ഞിരുന്നു. ഈ സമയത്തും മകളെ പീഡനത്തിനിരയാക്കിയതായി പരാതിയുണ്ടായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് പെൺകുട്ടി ചികിത്സതേടിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ഡോക്ടർ നൽകിയ വിവരത്തെത്തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

അതിനിടെ, ബന്ധുവായ 15-കാരനാണ് പീഡിപ്പിച്ചതെന്ന് ആരോപിക്കാനുള്ള ശ്രമങ്ങളുണ്ടായി. പോലീസ് അന്വേഷണത്തിൽ പിതാവാണ് കേസിലെ പ്രതിയെന്ന് കണ്ടെത്തി. തുടർന്ന് വിദേശത്തുനിന്ന് നാട്ടിലെത്തിയ പ്രതിയെ വിമാനത്താവളത്തിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും നാട്ടിൽനിന്ന് മുങ്ങി. തുടർന്ന് കഴിഞ്ഞദിവസം നാട്ടിലെത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. തളിപ്പറമ്പ് എസ്.ഐ.യായിരുന്ന സത്യനാഥനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി

Post a Comment

Previous Post Next Post