പാലക്കാട്: മുത്തശ്ശിയുടെ കൂടെ ചിറ്റൂർ കരുതലും കൈത്താങ്ങും വേദിയിൽ പരാതിയുമായി വന്നവരുടെ ഇടയിൽ വിഷാദഭാവത്തോടെ ഇരിക്കുന്ന പെൺകുട്ടി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. മന്ത്രി അടുത്തെത്തിയതോടെ മുത്തശ്ശി പോത്തുണ്ടി അകപ്പാടം തങ്ക പൊട്ടിക്കരഞ്ഞു. പെൺകുട്ടിയുടെ അമ്മ (52) ബേബി വർഷങ്ങളായി തിരുവനന്തപുരം ആർ. സി. സി യിൽ കാൻസർ ചികിത്സയിലായിരുന്നു. ഭാര്യയുടെ രോഗവിവരം അറിഞ്ഞത് മുതൽ കടുത്ത മാനസിക സമ്മർദ്ദത്തിലായ ഭർത്താവ് അയപ്പൻ (62) പ്രമേഹ രോഗം മൂർച്ഛിച്ച് മരിച്ചു. രണ്ട് മാസം മുമ്പ് ബേബിയും മരിച്ചതോടെ പെൺകുട്ടിയും മുത്തശ്ശിയും മാത്രമായി.
സ്വന്തമായി വീടുണ്ടെങ്കിലും യാതൊരു വരുമാന മാർഗവുമില്ലാത്ത ഇവർക്ക് ബന്ധുക്കളുടെ കരുണ മാത്രമാണ് ആശ്രയം. അദാലത്തിൽ മുൻകൂറായി റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനായി നൽകിയതുമായി ബന്ധപ്പെട്ടാണ് ഇവർ അദാലത്തിൽ എത്തിയത്. റേഷൻ കാർഡ് കിട്ടിയെങ്കിലും കുട്ടിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് തങ്ക മന്ത്രിയോട് പറഞ്ഞു. ഫോസ്റ്റർ കെയർ പോലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി മുത്തശ്ശിയോടൊപ്പം കുട്ടിയുടെ പഠനവും സംരക്ഷണവും ഉറപ്പുവരുത്താൻ വനിതാ ശിശു വികസന ഓഫീസറെ മന്ത്രി ചുമതലപ്പെടുത്തി. ചാത്തമംഗലം ജി യു പി എസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
Tags
palakkad