അപകടകാരികളായ മൃഗങ്ങൾ ജീവിക്കുന്ന റിസർവ് ഫോറസ്റ്റിൽ അകപ്പെട്ട എട്ടുവയസുകാരന് അദ്ഭുതകരമായ രക്ഷ

വടക്കൻ സിംബാബ്‌വെയിൽ സിംഹം, പുലി, ആന എന്നിങ്ങനെ അപകടകാരികളായ മൃഗങ്ങൾ ജീവിക്കുന്ന റിസർവ് ഫോറസ്റ്റിൽ അകപ്പെട്ട എട്ടുവയസുകാരന് അദ്ഭുതകരമായ രക്ഷ. അഞ്ച് ദിവസത്തിനുശേഷമാണ് ടിനോടെൻഡ പുഡു എന്ന കുട്ടി തിരിച്ചെത്തിയത്. 

ഡിസംബർ 27നാണ് പുഡു വഴിതെറ്റി മട്ടുസഡോണ ഗെയിം പാർക്കിൽ അകപ്പെട്ടത്. 1470 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഈ പാർക്കിൽ നാൽപതിലധികം സിംഹങ്ങൾ വസിക്കുന്നുണ്ട്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതൽ സിംഹങ്ങളുള്ള പാർക്കാണിത്. സീബ്ര, ഹിപ്പോ എന്നിവയും ഇവിടെയുണ്ട്. പുഡുവിന്റെ വീട്ടിൽ നിന്നും 49 കി.മീ അകലെയായാണ് ഈ റിസർവ് ഫോറസ്റ്റ്. കാട്ടിലെ നദീതീരങ്ങളിൽ കമ്പുകൾ ഉയോഗിച്ച് കുഴി ഉണ്ടാക്കിയാണ് പുഡു കുടിക്കാനുള്ള വെള്ളം കണ്ടെത്തിയത്. ജീവൻ നിലനിർത്താൻ കാട്ടുപഴങ്ങളും ഭക്ഷണമാക്കി. പുഡുവിനെ തിരിച്ചെത്തിക്കാനായി അധികൃതർക്കൊപ്പം പ്രദേശവാസികളും ഒപ്പം കൂടി. ന്യാമിൻയാമി വിഭാഗത്തിൽപ്പെട്ടവർ എല്ലാ ദിവസവും ഡ്രം അടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ദിശതെറ്റിയ പുഡുവിന് ശബ്ദത്തിലൂടെ വഴി തിരിച്ചറിയുമെന്ന് അവർക്ക് വിശ്വാസമുണ്ടായിരുന്നു. അഞ്ചാം ദിവസം തിരച്ചിലിനിടയിൽ കുഞ്ഞിന്റെ കാലടയാളം കണ്ടെത്തി. ഇതോടെ തിരച്ചിൽ ഊർജിതമാക്കുകയും പുഡുവിനെ നദീതീരത്ത് തളർ‍ന്ന നിലയിൽ കണ്ടെത്തുകയുമായിരുന്നു. കാടിനെക്കുറിച്ച് പുഡുവിനെ കൃത്യമായ അറിവുണ്ടായത് ഏറെ രക്ഷയായെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post