നമ്മളിന്ന് കുത്തും, ആണുങ്ങൾ ആരെങ്കിലും ഗ്രൂപ്പിൽ ഉണ്ടെങ്കി വേഗം വന്നോളീ'; വാട്സാപ്പ് സന്ദേശം

കോഴിക്കോട്: താമരശ്ശേരിയിൽ മരിച്ച വിദ്യാർഥിയെ മർദ്ദിക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിന്‍റെ തെളിവുകൾ പുറത്ത്. വാട്സാപ് ചാറ്റുകളാണ് പുറത്തുവന്നത്. നേരത്തേ കൊലവിളി നടത്തുന്ന ഇൻസ്റ്റഗ്രാം ചാറ്റുകൾ പുറത്തുവന്നിരുന്നു. ''നമ്മൾ ഇന്ന് കുത്തും. എല്ലാവരും വേഗം വരിം… നമ്മൾ ഇന്ന് കുത്തീട്ടേ പോവുള്ളൂ. ആണുങ്ങൾ ആരെങ്കിലും ഗ്രൂപ്പിൽ ഉണ്ടെങ്കി വേഗം വന്നോളീം'' എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. വരാൻ പറ്റുന്നവർ വരണമെന്നും ഇന്ന് ഒറ്റ മൈന്റേ ഉള്ളൂവെന്നും വിദ്യാർഥികൾ പറയുന്നു.


'ഞാനിന്നൊരു കാര്യം പറയാം. ഷഹബാസിനെ ഞാനിന്ന് കൊല്ലും. പറഞ്ഞാൽ പറഞ്ഞപോലെയാണ്. ഓന്റെ കണ്ണ് ഒന്ന് പോയി നോക്ക്. കണ്ണൊന്നും ഇല്ല.', 'മരിച്ചുകഴിഞ്ഞാലും വലിയ വിഷയമില്ല. കേസൊന്നും ഉണ്ടാവില്ല. അവർ ഇങ്ങോട്ട് വന്നതല്ലേ. കേസൊക്കെ തള്ളിപ്പോകും', എന്നാണ് ഇൻസ്റ്റഗ്രാം ചാറ്റിലുള്ളത്.

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.

Post a Comment

Previous Post Next Post