കാണാതായ പെൺകുട്ടിക്കായി വനത്തിൽ തിരച്ചിൽ

മണ്ണാർക്കാട് : തത്തേങ്ങലത്ത് കാണാതായ ആദിവാസി പെൺകുട്ടിക്കുവേണ്ടി ചൊവ്വാഴ്ചയും വനംവകുപ്പ് വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. ഫെബ്രുവരി 25-നാണ് പതിനെട്ടുകാരിയെ കാണാതായത്. ജില്ലാപഞ്ചായത്ത് സംഘടിപ്പിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലനപദ്ധതിയിൽ പങ്കെടുക്കാനാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. വൈകീട്ടും തിരിച്ചെത്താതായതോടെ എസ്.ടി. പ്രമോട്ടറെ വിവരമറിയിച്ചു. തുടർന്ന്, വീട്ടുകാർ പോലീസിൽ പരാതി നൽകി  ഇതുവരെയും കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെത്തുടർന്ന് മണ്ണാർക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. 

ഇതിനിടെ, കൊമ്പംകുണ്ട് നഗറിലെ ഒരു യുവാവിനെയും കാണാനില്ലെന്ന വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടി സുഹൃത്തിനൊപ്പം വനത്തിലുണ്ടാകുമെന്ന വിവരത്തെത്തുടർന്നാണ് രണ്ടുദിവസമായി തിരച്ചിൽ തുടരുന്നത്. യുവാവും കുടുംബവും വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ പോകുന്നത് പതിവാണ്. ദിവസങ്ങൾ കഴിഞ്ഞാണ് ഇവർ വരാറുള്ളത്. യുവാവിന്റെ പിതാവ് കഴിഞ്ഞദിവസം നഗറിലെത്തി പെൺകുട്ടി യുവാവിനോടൊപ്പമുണ്ടെന്ന് പറഞ്ഞതായി പോലീസ് അറിയിച്ചു.

എസ്.എച്ച്.ഒ. എം.ബി. രാജേഷിന്റെ നിർദേശപ്രകാരം എസ്.ഐ. എ.കെ. ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. മറ്റുവിവരങ്ങളൊന്നും ലഭ്യമായില്ലെങ്കിൽ വനംവകുപ്പുമായി ചേർന്ന് വിശദമായ തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post