ഉമ്മറിന് കണ്ണീരോടെ വിട

മണ്ണാർക്കാട്: കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ മരിച്ച ഉമ്മറിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയായ എടത്തനാട്ടുകര കോട്ടപ്പള്ള എംഇഎസ് പടിയിൽ വാലിപറമ്പൻ വീട്ടിലേക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എത്തിച്ചത്. പ്രിയപ്പെട്ട ഉമ്മറിനെ ഒരുനോക്കു കാണാൻ നാടൊന്നാകെയെത്തി. 

കഴിഞ്ഞ ദിവസം ഉത്സാഹത്തോടെ വീട്ടിൽനിന്നു ചോലമണ്ണിലുള്ള കൃഷിയിടത്തിലേക്കിറങ്ങിയ ഉമ്മറിന്റെ ശരീരം വെള്ളത്തുണിയിൽ പൊതിഞ്ഞ് ആംബുലൻസിൽനിന്ന്‌ ഇറക്കിയപ്പോൾ കണ്ടുനിന്നവർക്കു സഹിക്കാനായില്ല. പ്രായത്തെ വകവെക്കാതെ കൃഷിയെ നെഞ്ചോടുചേർത്തിരുന്ന കർഷകന്റെ ചേതനയറ്റ ദേഹം എല്ലാവരെയും കണ്ണീരിലാഴ്ത്തി. ‘‘എന്നും രാവിലെ റബ്ബറും കുരുമുളകുമൊക്കെയുള്ള കൃഷിയിടത്തിലേക്കു പോകും. കുറച്ചു കാലത്തെ പ്രവാസജീവിതത്തിനുശേഷം അദ്ദേഹം കുടുംബത്തോടൊപ്പമുണ്ടായിരുന്നു. വീട്ടിനകത്തെത്തിച്ച മൃതദേഹം ഭാര്യയെയും മക്കളെയും കാണിച്ചശേഷം ഒരുമണിക്കൂറോളം വീട്ടുമുറ്റത്ത് പൊതുദർശനത്തിനു വെച്ചു. എൻ. ഷംസുദ്ദീൻ എംഎൽഎ ഉൾപ്പെടെ സാമൂഹിക സാംസ്കാരികമേഖലയിലെ ഒട്ടേറെ പേർ ആദരാഞ്ജലികൾ അർപ്പിച്ചു. മണ്ണാർക്കാട് ഡിഎഫ്ഒ സി. അബ്ദുൾ ലത്തീഫ്, റെയ്‌ഞ്ച് ഓഫീസർ എൻ. സുബൈർ, സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ സാജു വർഗീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കോട്ടപ്പള്ള ദാറുസ്സലാം ജുമാ മസ്ജിദ് കബർസ്താനിൽ കബറടക്കി. ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കണ്ണീരുകൊണ്ട് അന്ത്യാഞ്ജലിയർപ്പിച്ചപ്പോൾ ഉമ്മറും അദ്ദേഹത്തിന്റെ ഓർമകളും നാടിന്റെ തീരാനോവായി. 
Previous Post Next Post

نموذج الاتصال