കാഞ്ഞിരപ്പുഴ: കല്ലമലറോഡിനുസമീപം ആരംഭിക്കുമെന്ന് പറയുന്ന വിദേശ മദ്യ വില്പനശാലാ കേന്ദ്രം കെട്ടിടത്തിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്. തിങ്കളാഴ്ച വൈകീട്ട് 6.30നാണ് സംഭവം. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇവിടെ ജനകീയ കുത്തിയിരിപ്പ് സമരം നടന്നുവരികയാണ്. കല്ലമല്ല പൗരസമിതി , വടുകസമുദായ സാംസ്‌കാരികസമിതി, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് നിര്‍ദ്ദിഷ്ട കെട്ടിടത്തില്‍ മദ്യശേഖരം ഇറക്കുമെന്ന വാര്‍ത്ത പരന്നതോടെയാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള നൂറിലധികംപേര്‍ കെട്ടിടത്തിന് മുന്നില്‍ തടിച്ചുകൂടിയത്. വിവരമറിഞ്ഞ് സിഐ എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പോലീസുമെത്തി. കല്ലമല റോഡിലെ കെട്ടിടത്തില്‍ യാതൊരുകാരണവശാലും മദ്യവില്പനകേന്ദ്രം അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കാഞ്ഞിരത്തെ ബിവ്‌റേജസ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. പോലീസ് ഇരുകൂട്ടരുമായും സംസാരിച്ചു. മദ്യശേഖരം ഇറക്കുന്നില്ലെന്ന് ബീവ്റേജസ് ഉദ്യോഗസ്ഥരും പറഞ്ഞു. ഇതോടെയാണ് സംഘര്‍ഷസാധ്യതയില്ലാതായത്.
Tags
mannarkkad