മണ്ണാർക്കാട്: അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണമല്ല മറിച്ച് കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ ഒരു പദ്ധതിയും സർക്കാർ കൊണ്ടുവന്നിട്ടില്ല. ആശുപത്രിയോ ഡോക്ടർമാരോ ഇല്ല, എല്ലാ രോഗികളെയും പെരിന്തൽമണ്ണയിലേക്ക് റഫർ ചെയ്യുകയാണ്. അവിടേക്ക് പോവാൻ സൗകര്യങ്ങളില്ലെന്നത് സർക്കാർ പരിഗണിക്കുന്നില്ല. ആരോഗ്യ മന്ത്രി അട്ടപ്പാടി സന്ദർശിച്ചതുകൊണ്ട് എന്ത് മാറ്റമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വ്യാഖ്യാനങ്ങൾ മാത്രമാണെന്ന് മന്ത്രി കെ രാധാകൃഷ്‍ണൻ പ്രതികരിച്ചു. അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾ സ്വയം പര്യാപ്തതയിലെത്തിയില്ലെങ്കിൽ സർക്കാർ എന്തുകൊടുത്തിട്ടും കാര്യമില്ലെന്നും, പ്രതിപക്ഷത്തിന് എന്തും പറയാമെന്നും വ്യാഖ്യാനിച്ച് വാദപ്രതിവാദമല്ല മറിച്ച് ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും,
കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യവും ഉടൻ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടി വിഷയത്തിൽ മുഖ്യമന്ത്രിയുമായി രണ്ട് തവണ സംസാരിച്ചു. അവിടേക്ക് വേണ്ട കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അവരെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് വികസനം നടപ്പാക്കും. സ്വയം പര്യാപ്തതയിലേക്ക് അവരെ എത്തിക്കും. ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത് നല്ല കാര്യം. കുട്ടികളുടെ മരണം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ട്. സിക്കിൾ സെൽ അനീമിയയാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.