തെങ്കര: പുലിഭീതി പേറി കഴിയുന്ന തത്തേങ്ങലത്തിന് ആശ്വാസമായി ഒടുവില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കല്‍ക്കടിയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലാണ് കൂട് വെച്ചിരിക്കുന്നത്. നായയെ ആണ് ഇരയായി കൂട്ടിലിട്ടിരിക്കുന്നത്. മണ്ണാര്‍ക്കാട് ആര്‍ആര്‍ടിയുടെ പക്കലുള്ള കൂട് ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷന്‍ സെക്ഷന്‍ ഫോറ്‌സറ്റ് ഓഫീസര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള വനപാലകരും ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ് ) രാജേഷിന്റെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി അംഗങ്ങളും ചേര്‍ന്നാണ് ബുധനാഴ്ച വൈകീട്ട് ആറരയോടെ സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലിയും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച കല്‍ക്കടിയില്‍ പാതയോരത്ത് നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. ആര്‍ആര്‍ടി സംഘമെത്തി തിരച്ചിലിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതോടെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറയുകയായിരുന്നു. പുലിയുടെ സാന്നിദ്ധ്യമുണ്ടാകുന്നത് കണക്കിലെടുത്ത് കല്‍ക്കടിയില്‍ കൂട് വെച്ചിരിക്കുന്നത്. നാലുമാസത്തോളമായി വിവരണാതീതമായ ഭീതിയുടെ മുള്‍മുനയിലാണ് മലയോര ഗ്രാമമായ തത്തേങ്ങലത്തെ ജനജീവിതം. രാപ്പകല്‍ ഭേദമന്യേ പലയിടങ്ങളില്‍ പുലിയെത്തിയിരുന്നു. ഒട്ടേറെ പേരുടെ വളര്‍ത്തുമൃഗങ്ങളെ പിടിച്ചു. അതിരാവിലെ ജോലിക്ക് പോകാന്‍ കഴിയാതെ ടാപ്പിങ് തൊഴിലാളികളും മദ്രസ വിദ്യാര്‍ത്ഥികളും വിഷമാവസ്ഥയിലാണ്. സന്ധ്യമയങ്ങിയാല്‍ പേടികാരണം പുറത്തിറങ്ങാന്‍ പോലും വയ്യെന്ന നിലയിലാണ് തത്തേങ്ങലത്തുകാർ