അലനല്ലൂര്‍: തുകല്‍പ്പന്തില്‍ ശ്വാസം നിറച്ച എടത്തനാട്ടുകരയില്‍ നിന്നും കാല്‍പ്പന്തു കളിയില്‍ പുത്തന്‍ താരോദയമായി നാല് കളിക്കൂട്ടുകാര്‍. കേരള പ്രീമിയര്‍ ലീഗില്‍ ഇവര്‍ ഇടം നേടിയതിന്റെ ആഹ്ലാദാരവങ്ങളിലാണ് ഫുട്ബോള്‍ സ്നേഹികളുടെ നാട്.
പടിക്കപ്പാടം കൊണ്ടായത്ത് മുജീബ് റഹ്മാന്‍ -മുംതാസ് ദമ്പതികളുടെ മകന്‍ കെ മുബഷീര്‍,കോട്ടപ്പള്ള ചെറുതല സക്കീര്‍ ഹുസൈന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ സി ആഷിക്ക് ഷഹീര്‍ നായക്കത്ത് വീട്ടില്‍ സുബൈര്‍ ബാബു-പാത്തുമ്മ ദമ്പതികളുടെ മകന്‍ എന്‍ അന്‍ഷാദ്, ചേരിയാടന്‍ നാസര്‍-ജസീല ദമ്പതികളുടെ മകന്‍ ലെഫിന്‍ ഷാലു എന്നിവരാണ് കേരള പ്രീമിയര്‍ ലീഗീന്റെ ഈ സീസണില്‍ മലപ്പുറം പാലക്കാട് ജില്ലകള്‍ക്ക് വേണ്ടി ബൂട്ടണിയുന്നത്.മുബഷീറും ആഷിക്ക് ഷെഹീറും കൊപ്പം ഐഫ ഫുട്ബോള്‍ അക്കാദമിക്കും വേണ്ടിയും അന്‍ഷാദും മലപ്പുറം റിയല്‍ മലബാര്‍ ക്ലബ്ബിനും വേണ്ടി രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.ലെഫിന്‍ഷാലു ലൂക്കാ ക്ലബ്ബിനും വേണ്ടിയും ബൂട്ടണിയുന്നു.
2014ല്‍ എടത്തനാട്ടുകരയില്‍ ആരംഭിച്ച ചാലഞ്ചേഴ്സ് ഫുട്ബോള്‍ അക്കാദമിയിലാണ് നാലു പേരും ഫുട്ബോള്‍ കളിയില്‍ പരിശീലനം നേടുന്നത്.വളാഞ്ചേരി സ്വദേശി സുബ്രഹ്മണ്യനായിരുന്നു കോച്ച്.ഇവരുടെ കളിമികവ് കണ്ട് ക്ലബ്ബുകള്‍ പലരും അവസരം നല്‍കി.2002ല്‍ ജില്ലാ ജൂനിയര്‍ ടീമില്‍ ഒരുമിച്ച് കളിച്ച അന്‍ഷാദ്,ആഷിഖ്,മുബഷീര്‍ 2018ലെ സുബ്രതോ മുഖര്‍ജി കപ്പില്‍ സംസ്ഥാന തല മത്സരത്തില്‍ റണ്ണറപ്പായ ടീമിനുവേണ്ടി കളിക്കളത്തിലുണ്ടായിരുന്നു.മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളായ ആഷിഖും മുബഷീറും സീസോണ്‍ ചാമ്പ്യന്‍ഷിപ്പിലും കോഴിക്കോട് ഫാറൂഖ് കോളേജ് ബിരുദ വിദ്യാര്‍ത്ഥികളായ അന്‍ഷാദും ലെഫിന്‍ ഷാലുവും സോണില്‍ ഫാറൂഖ് കോളേജിനും വേണ്ടിയും ബുട്ടണിഞ്ഞിരുന്നു.ലെഫിന്‍ 2019ല്‍ കേരള സംസ്ഥാന ജൂനിയര്‍ ടീമിലുണ്ടായിരുന്നു.മലപ്പുറം ജില്ലാ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.പാലക്കാട് സീനിയര്‍ ടീമിലേക്ക് ആഷിഖ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നാലു പേരും കോളേജ് ടീമില്‍ മിന്നും പ്രകടനം കാഴ്ചവെക്കുന്നവരാണ്. മുബഷീര്‍ ഗോള്‍ കീപ്പറായും ലെഫിന്‍ ഷാലു ഡിഫന്ററും അന്‍ഷാദ്, ആഷിക്ക് എന്നിവര്‍ മധ്യനിരയിലുമാണ് കളിക്കളത്തിലിറങ്ങുന്നത്. ഐ.എസ്.എല്‍ താരം വി.പി സുഹൈറും സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറോക്കോട്ടിലും അടക്കം നിരവധി താരങ്ങളെ കാല്‍പന്തുകളിക്ക് സമ്മാനിച്ച എടത്തനാട്ടുകരയുടെ മണ്ണില്‍ നിന്നുള്ള ഈ കളികൂട്ടുക്കാരെ ഏറെ പ്രതീക്ഷയോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ നോക്കി കാണുന്നത്.