മണ്ണാർക്കാട്: അലനല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വള്ളുവനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഓഫീസിന്റെ ഉദ്ഘാടനം അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത നിർവ്വഹിച്ചു. അലനല്ലൂരിൽ ചൂരക്കാട്ടിൽ ബിൽഡിങ്ങിൽ കാർഷിക ഇൻഫർമേഷൻ സെന്ററായി ഓഫീസ് പ്രവർത്തിക്കും. ചടങ്ങിന് ചെയർമാൻ കാസിം ആലായൻ അദ്ധ്യക്ഷത വഹിച്ചു, സംഘം സെക്രട്ടറി കരിം അലനല്ലൂർ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വെച്ച് കർഷക അവാർഡ് ജേതാവ് പി. ഭുവനേശ്വരിയെ ആദരിച്ചു
കർഷക ക്ഷേമവും കാർഷിക മേഖലയിലെ ഉന്നമനവും ലക്ഷ്യം വെച്ച് കൊണ്ട് നബാർഡിന്റെയും ഐ.സി.ഡി.സി യുടെയും സാങ്കേതിക സാമ്പത്തിക സഹായ - സഹകരണത്തോടെ നിരവധി പദ്ധതികളാണ് വള്ളുവനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ അലനല്ലൂരിൽ നടപ്പിലാക്കുക. പഞ്ചായത്തിലെ മുഴുവൻ കർഷകരേയും പങ്കെടുപ്പിച്ച് കൊണ്ട് മാർച്ച് മാസം വിപുലമായ കർഷിക സെമിനാർ സംഘടിപ്പിക്കും. കർഷകർക്ക് അവർ നേരിടുന്ന പ്രശ്നങ്ങൾ, അവയ്ക്കുള്ള പരിഹാരം, മികച്ച കർഷകരെ കണ്ടെത്തൽ, നൂതന കൃഷി രീതികൾ പരിചയ പെടുത്തൽ തുടങ്ങിയവ സെനിനാറിൽ ഉണ്ടാകും.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കി ഉൽപന്ന വിപണനം സാധ്യമാക്കുകയാണ് സംഘത്തിന്റെ അടുത്ത ലക്ഷ്യം. കർഷകരെ കൃഷിയിൽ പിടിച്ചു നിറുത്തുന്നതിനും പുതിയ ആളുകളെ ഈ മേഖലയിലേക്ക് കൊണ്ട് വരുന്നതിനുമുള്ള കർമ്മ പരിപാടികൾ സംഘം നടപ്പിലാക്കും.
പട്ടല്ലൂർ ദാമോദരൻ നമ്പൂതിരി മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഹംസ, ജില്ലാ പഞ്ചായത്ത് മെമ്പർ എം. മെഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ, ബഷീർ തെക്കൻ, വി.അബ്ദുൽ സലീം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത വിത്തനോട്ടിൽ, പി.മുസ്തഫ, എ. ആയിഷാബി എന്നിവരും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് റഷീദ് ആലായൻ, കെ.എ. സുദർശനകുമാർ, കെ.വേണു മാസ്റ്റർ, ടോമി തോമസ്, കെ.രവികുമാർ, കെ. ഹബീബുള്ള അൻസാരി, വി. അജിത് കുമാർ, കെ.ഹരിദാസ് എന്നിവരും പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിന് വൈസ് ചെയർമാൻ യു. അരവിന്ദാക്ഷൻ നന്ദി പറഞ്ഞു. ഡയറക്ടർമാരായ ഷെരീഫ് പാലക്കണ്ണി, വി.സി. കൃഷ്ണദാസ്, ബി. മുനവ്വർ അഹമ്മദ്, സി. ഭരത്, എസ്.കെ.ശശിപാൽ, വിനീത, സിദ്ധീഖ് കളത്തിൽ, ഫസ്ന കെ. യൂസഫ് എന്നിവർ നേതൃത്വം നൽകി.