മണ്ണാർക്കാട്: ആനമൂളി പാലവളവ് ആദിവാസി കോളനിയിൽ മുഡുഗ വിഭാഗത്തിൽ പെട്ട കക്കിയുടെ മകൻ ബാലൻ(38) ന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രതിയായ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് ആനമൂളിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്തായ കൈതച്ചിറ കൊമ്പം കുണ്ട് ആദിവാസി കോളനിയിലെ കുറുമ്പന്റെ മകൻ ചന്ദ്രൻ എന്ന ഭാസി (40) നെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ഒന്നിച്ചാണ് വനവിഭവം ശേഖരിക്കാൻ വനത്തിൽ പോയത്. വ്യാഴാഴ്ച രാത്രി ഇരുവരും മദ്യപിച്ച ശേഷം വെള്ളിയാഴ്ചയാണ് കാട്ടിൽ പോയത്. മദ്യപിച്ചുണ്ടായ വഴക്കിനൊടുവിൽ ചന്ദ്രൻ ബാലനെ കയ്യിലുണ്ടായിരുന്ന മടവാൾ കൊണ്ട് വെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ആണ് കൃത്യം നടന്നത്.കഴുത്തിനു പുറകിലേറ്റ വെട്ടാണ് മരണകാരണം. ബാലന്റെ മൃതദേഹം തോട്ടിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ശനിയാഴ്ച രാത്രിയാണ് കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ് മൊർട്ടം ചെയ്തു. വെട്ടാനുപയോഗിച്ച മടവാളും, വസ്ത്രങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്കോഡും സ്ഥലം പരിശോധിച്ചു. മണ്ണാർക്കാട് ഡി.വൈ.എസ്.പി.വി. എ. കൃഷ്ണദാസ്, കല്ലടിക്കോട് സി.ഐ. ടി. ശശി കുമാർ, മണ്ണാർക്കാട് എസ്. ഐ. കെ. ആർ. ജസ്റ്റിൻ, സുരേഷ് ബാബു, കമറുദ്ധീൻ, ദാമോദരൻ, പ്രവീൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്