ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റ സംഭവം: നാല് ആർഎസ്എസ്–ബിജെപി പ്രവർത്തകർ പിടിയിൽ

dyfi-leader-hacked-four-rss-bjp-activists-arrested
പാലക്കാട്: കഞ്ചിക്കോട് പുതുശ്ശേരി ആലമ്പള്ളത്തു ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അനു മണികണ്ഠനു വെട്ടേറ്റ സംഭവത്തിൽ നാല്  ആർഎസ്എസ്–ബിജെപി പ്രവർത്തകർ പിടിലായി. പുതുശ്ശേരി കുരുടിക്കാട്‌ കാളാണ്ടിത്തറ സ്വദേശി ലെനിൻ (32), കഞ്ചിക്കോട് ചടയൻകാലായ്‌ നരസിംഹപുരം പ്രവീൺ (32), പുതുശ്ശേരി നീലിക്കാട്‌ പറപടിക്കൽ സ്വദേശികളായ മഹേഷ്‌ (31), സുനിൽ (31) എന്നിവരെയാണു കസബ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കാളാണ്ടിത്തറ ഗിരീഷും കണ്ടാൽ തിരിച്ചറിയാവുന്ന ഒരാളും ഒളിവിലാണെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ് അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരമാണ് ഡിവൈഎഫ്‌ഐ നീലിക്കാട്‌ യൂണിറ്റ്‌ പ്രസിഡന്റും സിപിഎം മലയങ്കാവ്‌ ബ്രാഞ്ച്‌ കമ്മിറ്റി അംഗവുമായ എം. അനുവിനെ രണ്ടു ബൈക്കുകളിലായെത്തിയ ആറു പേരടങ്ങുന്ന സംഘം വീടിനു മുന്നിലെ റോഡിൽ വച്ചു വെട്ടിയത്. തടയുന്നതിനിടെ കയ്യിലും ചെവിയിലും ഗുരുതര പരുക്കേറ്റ അനുവിനെ ഇന്നലെ വൈകിട്ടോടെ ജില്ലാ ആശുപത്രിയിൽ നിന്നു ചികിത്സ പൂർത്തിയാക്കി വിട്ടയച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്തു സ്ഥലത്തു പോലീസ് ക്യാംപ് ചെയ്യുന്നുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കസബ ഇൻസ്പെക്ടർ എൻ.എസ്‌. രാജീവ്‌ പറഞ്ഞു.

Previous Post Next Post

نموذج الاتصال