മിനിയുടെ പ്രതിഷേധം; ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം

മണ്ണാര്‍ക്കാട്: പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെ വാഹനങ്ങളുടെ അമിത ശബ്ദം കേട്ടാണ് കൊണ്ടോട്ടി മിനിയെന്ന പിടിയാന പൊടുന്നനെ വിരണ്ടത്. പിന്നെ മെയിന്‍ റോഡിലേക്ക് കയറി ഒറ്റ നടത്തമായിരുന്നു. കാരാപ്പാടത്ത് നിന്നും പള്ളിക്കുന്ന് വഴി കല്ല്യാണക്കാപ്പ് വരെയെത്തി.ഇവിടെ നിന്ന് നേരെ കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയിലേക്ക് കയറി ചുങ്കം ഭാഗത്തേക്ക്. മൂന്നും കൂടിയ കവലയിലെത്തിയ മിനി ദേശീയപാതയിലേക്ക് കയറി നേരെ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് നടന്നു.
ആന വിരണ്ട് റോഡിലൂടെ നടക്കുന്നതറിഞ്ഞ് ആളുകളും പിറകെ കൂടി. റോഡിന്റെ ഒരു വശം ചേര്‍ന്നാണ് ആന ഓടിയിരുന്നത്.മറ്റ് പ്രകോപനമൊന്നുമില്ലാതെ ശാന്തയായാണ് ആന പാതയിലൂടെ ഓടിയത്. പാതയുടെ അരികിലൂടെ ഓടുമ്പോഴും പിറകെ വന്ന ജനത്തിന് നേരയെും വാഹനങ്ങള്‍ക്ക് നേരെയും തിരിഞ്ഞില്ല. എന്നാല്‍ 
ദേശീയപതയിലേക്ക് ആന പ്രവേശിച്ചപ്പോള്‍ കല്ലടി കോളേജിന് സമീപം പൊലീസിന്റെ നേതൃത്വത്തില്‍ വാഹനങ്ങള തടഞ്ഞിട്ടു. ചുങ്കം ഭാഗത്ത് വാഹനയാത്രക്കാര്‍ക്ക് നാട്ടുകാരും മുന്നറിയിപ്പ് നല്‍കി. ആനയ്ക്ക് പിറകെ ജനങ്ങളുമുണ്ടായിരുന്നു. ഇടയ്ക്കിടെ പാപ്പാന്‍ ബാലന്റെ ശാസനയും അനുരഞ്ജനവും കേട്ട് ആന നിന്നിരുന്നുവെങ്കിലും തളയ്ക്കാന്‍ ഇട നല്‍കാതെ ഓടുകയായിരുന്നു.
ചൂട് കാരണമാണ് ആന പ്രകോപിതയായതെന്നും തണുപ്പിച്ചാല്‍ ശാന്തയാകുമെന്ന് പാപ്പാന്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടിയെങ്കിലും തഹസില്‍ദാരുടെ ഉത്തരവില്ലാതെ എത്താന്‍ കഴിയില്ലെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചതായി ആക്ഷേപമുണ്ട്.പിന്നീട് ഫയര്‍ഫോഴ്സെത്തിയെങ്കിലും നാട്ടുകാരിടപെട്ട് തടഞ്ഞു.മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബോബിന്‍ മാത്യു ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഓടുന്ന വാഹനത്തില്‍ നിന്നും വെള്ളം ആനയുടെ ദേഹത്തേക്ക് അടിക്കാന്‍ കഴിയത്തതായിരുന്നു പ്രതിസന്ധിയെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. വിരണ്ടോടിയ ആന മൂന്ന് മണിക്കൂറുകളോളമാണ് കുമരംപുത്തൂരിനെയും മണ്ണാര്‍ക്കാടിനെയും ആശങ്കയിലാക്കിയത്. ദേശീയപാതയില്‍ ഏറെ നേരം ഗതാഗത കുരുക്കുമുണ്ടായി. കല്ലടി കോളേജ് പരിസരത്തെ ശീതളപാനീയ കടയില്‍ നിന്നും പൈപ്പ് വഴി വെള്ളമടിച്ച്  ആനയെ തണുപ്പിക്കുകയായിരുന്നു. തണ്ണിമത്തനും പഴവും നല്‍കിയതോടെ ആന പൂര്‍ണമായും ശാന്തയായി. പിന്നീട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ആനയെ മാറ്റി തളയ്ക്കുകയായിരുന്നു.
Previous Post Next Post

نموذج الاتصال