തത്തേങ്ങലത്ത് പട്ടാപ്പകല്‍ പുലി; വനംവകുപ്പിനെതിരെ ജനങ്ങളുടെ പ്രതിഷേധം

തെങ്കര:  പട്ടാപ്പകല്‍ തത്തേങ്ങലത്ത് പുലിയറങ്ങി ആടിനെ ആക്രമിച്ചു. മൂച്ചിക്കുന്ന് പച്ചീരിക്കാട്ടില്‍ ഹരിദാസിന്റെ ആടിനെയാണ് പുലി ആക്രമിച്ചത്. പരിക്കേറ്റ ആടിനെ മണ്ണാര്‍ക്കാട് മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇന്നലെ രാത്രിയിൽ സംഭവസ്ഥലത്തെത്തിയ റെയ്ഞ്ച് ഓഫീസറുടെ വാഹനം നാട്ടുകാർ തടഞ്ഞ് പ്രതിഷേധിച്ചു. ഇവിടെ തുടർച്ചയായി പുലി ഇറങ്ങുമ്പോഴും അത് നിസ്സാരമായി കാണുന്നു എന്നാണ് നാട്ടുകാരുടെ പരാതി. ഇത് പുലി തന്നെയാണെന്ന് ധരിപ്പിച്ചിട്ടും വനംവകുപ്പ് അധികൃതർ അത് ഉൾക്കൊള്ളുന്നില്ല എന്നതുമാണ്  നാട്ടുകാരെ പ്രകോപിപ്പിക്കാൻ കാരണം

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ആടിനെ പുലി ആക്രമിച്ചത്. വീടിന് പിറകിലുള്ള റബര്‍ തോട്ടത്തില്‍ ഹരിദാസിന്റെ ഭാര്യ ആടിനെ മേയ്ക്കാന്‍ പോയതായിരുന്നു.ഈ സമയത്ത് വാഴതോട്ടത്തില്‍ നിന്നും പുലി ആടുകള്‍ക്ക് നേരെ ചാടി വീഴുകയായിരുന്നു.ചിതറിയോടിയ ആടുകളില്‍ വലിയ ആടിന്റെ പിന്‍കാലില്‍ പുലി പിടുത്തമിട്ടു.ഇത് കണ്ട് രമാദേവി ബഹളം കൂട്ടിയതോടെ ആടിനെ ഉപേക്ഷിച്ച് പുലി മറഞ്ഞു.ആടിന്റെ പിറകിലായി സാരമായ പരിക്കുണ്ട്.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ആര്‍ആര്‍ടിയുടെ ചുമതലയുള്ള ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ വി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ഉറച്ച പ്രതലമായതിനാല്‍ കാല്‍പ്പാടുകള്‍ കണ്ടെത്താനായില്ലന്ന് വനപാലകര്‍ പറഞ്ഞു.അതേ സമയം വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള പുലിയാക്രമണം തുടര്‍ക്കഥയാകുന്നത് പ്രദേശവാസികളുടെ ഭീതി വര്‍ധിപ്പിക്കുകയാണ്. 

ഒരാഴ്ച മുമ്പ് പുളിഞ്ചോടില്‍ മേലേറ്റിന്‍കര മണികണ്ഠന്റെ നായയെ പുലി കടിച്ച് കൊന്നിരുന്നു.ജനുവരി 16ന് രാത്രിയില്‍ തത്തേങ്ങലത്ത് ബസ് തിരിക്കുന്ന ഭാഗത്ത് പാതയോരത്തായി പുലിയേയും രണ്ട് പുലിക്കുട്ടികളേയും പ്രദേശത്തെ യുവാക്കള്‍ കണ്ടിരുന്നു.ഇതിന് പിന്നാലെയാണ് പുളിഞ്ചോടിലും ഇന്ന് മൂച്ചിക്കുന്നിലും പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരിക്കുന്നത്.ഇരുളിന്റെ മറപറ്റിയെത്തുന്ന വന്യജീവി പട്ടാപ്പകലിലും എത്തിയതോടെ മലയോര ഗ്രാമത്തിന്റെ ജീവിത സമാധാനം തകരുകയാണ്.പ്രദേശത്ത് വിഹരിക്കുന്ന പുലിയെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post

نموذج الاتصال