അട്ടപ്പാടി പാലൂരിൽ വനംവകുപ്പ് കാടുകയറ്റിയ കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തി. ഇന്നലെ ഉച്ചയോടെ കൃഷ്ണവനത്തിലെ കാട്ടാനക്കൂട്ടത്തിനൊപ്പം പോയ കുട്ടിയാനയാണ് വൈകിട്ട് ആറുമണിയോടെ പാലൂരിലെ അയ്യപ്പന്‍റെ വീട്ടിൽ തിരിച്ചെത്തിയത്.
സംഭവം ഇങ്ങിനെയാണ് വ്യാഴാഴ്ച രാവിലെ പാലൂര്‍ ദൊഡ്ഡുഗട്ടി ഊരില്‍ വനത്തോട് ചേര്‍ന്ന സ്വകാര്യ സ്ഥലത്ത് ഒരു വയസ്സുള്ള കുട്ടിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത് ഊരുകാരാണ് കണ്ടത്. ഒമ്പത് മണിയോടെ വിവരം വനംവകുപ്പിനെ അറിയിച്ചു. റെയ്ഞ്ച് ഓഫിസര്‍ സി.വി ബിജു, പ്രൊബേഷണല്‍ റെയ്ഞ്ച് ഓഫിസര്‍ ശ്രീജിത്ത്, ഫോറസ്റ്റര്‍ പ്രവീണ്‍ എന്നിവരും ആര്‍ആര്‍ടി അംഗങ്ങളുമെത്തി. ആദ്യം വെള്ളം നല്‍കി, പിന്നെ കുറച്ച് പുല്ലും. ഒറ്റപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നിരിക്കാം ആനക്കുട്ടി. പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. അവശനുമായിരുന്നില്ല. അനങ്ങാതെ ഒരിടത്ത് തന്നെ നില്‍ക്കുകയായിരുന്നു. തീറ്റയും വെള്ളവും കിട്ടിയതോടെ കുറച്ചൊന്ന് ഉഷാറായി. പിന്നെ നടന്ന് തുടങ്ങി. ഉച്ചയോടെ അമ്മയാന തിരഞ്ഞെത്തി. അമ്മയെ കണ്ടപാടെ ആനക്കുട്ടി പിറകെ പോയി കുട്ടിയാന.
അമ്മയോടൊപ്പം പോയ കുട്ടിയാനയാണ് വൈകീട്ടോടെ തിരിച്ചെത്തിയത്. ഇന്ന് നേരം പുലരുന്നതുവരെ അമ്മയാനക്കായി കാത്തിരുന്നെങ്കിലും എത്തിയില്ല.ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലാത്തതിനാൽ കുട്ടിയാനയെ അയ്യപ്പന്‍റെ വീട്ടിൽ നിന്നുമാറ്റി വനപ്രദേശത്തിനുസമീപം നിർത്താനാണ് വനം വകുപ്പിന്‍റെ തീരുമാനം