ബന്ധുവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

അഗളി: യുവാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന ആദിവാസി സ്ത്രീ മരിച്ചു. ഷോളയൂർ വീരക്കൽമേട്ടിലെ മാരിയാണ് (66) തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഇവരുടെ അകന്ന ബന്ധുവായ സെന്തിൽകുമാറിന്റെ മരക്കഷണംകൊണ്ട് തലക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മാരി, ഉഷ, ലക്ഷ്മി എന്നിവരെ ഷോളയൂർ പോലീസാണ്  തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചത്.  ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം  മദ്യപിച്ച് ഇവർ താമസിക്കുന്ന വീരക്കൽമേട്ടിലെ വീട്ടിലെത്തി മാരി, ഉഷ, ലക്ഷ്മി എന്നിവരെ മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഒറ്റപ്പെട്ട വീടായതിനാൽ മൂവർക്കും പരിക്കേറ്റവിവരം ആരുമറിഞ്ഞില്ല. രാത്രി പത്തുമണിയോടെയാണ് വിവരം ഷോളയൂർ പോലീസ് അറിയുന്നത്. വാഹനസൗകര്യമില്ലാത്ത പ്രദേശമാണിത്.

മൂന്നുപേരെയും ഷോളയൂർ എസ്.ഐ.മാരായ ഫൈസൽ കോറോത്ത്, മണികണ്ഠൻ, സിവിൽ പോലീസ് ഓഫിസർമാരായ അനീഷ് സെബാസ്റ്റ്യൻ, അനിൽ മങ്കര, അർജുൻ മോഹൻ, ഗിരീഷ്, രാമനാഥൻ, ദേവദാസ്, ചന്ദ്രശേഖരൻ, ഡ്രൈവർ ബിനു എന്നിവർ പുതപ്പിൽക്കെട്ടി ചുമന്നാണ് പോലീസ് ജീപ്പിലേക്ക് എത്തിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


തലയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്നു മാരി. ഉഷയും ലക്ഷ്മിയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം സെന്തിൽകുമാർ ഷോളയൂർ സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. ഇയാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
Previous Post Next Post

نموذج الاتصال