മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിൽ രണ്ട് സ്ഥിരം സമിതിയിലേക്ക് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതിനിധികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വികസനകാര്യ സ്ഥിരം സമിതി ചെയർമാനായി മുസ്‌ലിം ലീഗ് അംഗം സഹദ് അരിയൂറും ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാനായി കോൺഗ്രസ് അംഗം പി.എം നൗഫൽ തങ്ങളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
യു.ഡി.എഫ് ധാരണ പ്രകാരം
ആദ്യ രണ്ടര വർഷം വികസന കാര്യ ചെയർമാൻ കോൺഗ്രസിനും ക്ഷേമകാര്യ ചെയർമാൻ മുസ്‌ലിം ലീഗിനും ആയിരുന്നു. യു.ഡി.എഫ് മുൻ തീരുമാന പ്രകാരം കാലാവധി പൂർത്തിയാക്കിയതിന് ശേഷം രാജി വെച്ചാണ് സ്ഥലങ്ങൾ മാറിയത്.
ഇന്നലെ നടന്ന ഇരു സമിതി തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് അംഗങ്ങൾ മത്സരിക്കാതെ വിട്ടു നിന്നു. നാലു അംഗങ്ങൾ വീതമാണ് ഓരോ സ്ഥിരം സമിതികളിലുമുള്ളത്.
വികസന സമിതിയിൽ സഹദിനെ കൂടാതെ ഷരീഫ് ചങ്ങലീരി, റസീന വറോടൻ, വിനീത എന്നിവരും ക്ഷേകാര്യ സമിതിയിൽ നൗഫൽ തങ്ങളെ കൂടാതെ രാജൻ ആമ്പാടത്ത്, ഉഷ വള്ളുവമ്പുഴ, ശ്രീജ എന്നിവരാണ് അംഗങ്ങൾ. സഹകരണ സംഘം അസി. രജിസ്ട്രാർ ആയിരുന്നു വരണാധികാരി.