കോഴിക്കോട്: കഴിഞ്ഞ ദിവസം മുക്കം വെന്റ് പൈപ്പ് പാലത്തിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മിദ്‌ലാജ് (17)മരണത്തിന് കീഴടങ്ങി. പയ്യനടത്തു താമസിക്കുന്ന നൊട്ടമല ജുമാ മസ്ജിദ് ഖത്തീബ് തോട്ടിപ്പറമ്പൻ മുജീബ് അൽ ഹസനിയുടെ മകനും പൂനൂർ മങ്ങാട് ദഅവ കോളേജ് വിദ്യാർത്ഥിയുമായ മിദ്ലാജ് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ഇന്നലെ രാത്രി മുതൽ ഒരു നാട് മുഴുവൻ മിദ്ലാജിന്റെ തിരച്ചു വരവിന് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു.
ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊന്നിച്ച് നീന്തുന്നതിനിടെയായിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട മിദ്ലാജിനെ നാട്ടുകാരും മുക്കം ഫയർ റെസ്ക്യൂ സ്കൂബ ടീം അംഗങ്ങളും തിരിച്ചിൽ നടത്തി കണ്ടെത്തുകയും, മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു, ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയായിരുന്നു മരണം.