മോഷണങ്ങള്‍ക്ക് തടയിടാൻ മണ്ണാര്‍ക്കാട് പോലീസ്; പ്രത്യേക സംഘം രൂപീകരിച്ചു

മണ്ണാര്‍ക്കാട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും തുടര്‍ക്കഥയാകുന്ന മോഷണങ്ങള്‍ക്ക് തടയിടാന്‍ മണ്ണാര്‍ക്കാട് പൊലിസ് പ്രത്യേകസംഘം രൂപീകരിച്ചു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കി. രാത്രികാലങ്ങളില്‍ മഫ്തിയിലുള്‍പ്പടെ പൊലിസ് ശക്തമായ പട്രോളിംങ്, പൂട്ടികിടക്കുന്ന വീടുകളുടെ നിരീക്ഷണം, രാത്രികാലങ്ങളിലെ വാഹനങ്ങളിലും അപരിചതരയേും ഉള്‍പ്പടെ പരിശോധിക്കല്‍ തുടങ്ങിയ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പൊലീസ് വാഹനങ്ങള്‍ക്ക് പുറമേ സ്വകാര്യവാഹനങ്ങളിലും പ്രത്യേക സംഘം നഗരത്തിലുള്‍പ്പടെ രാത്രിയില്‍ റോന്തു ചുറ്റും.
അടുത്തിടെയായി മോഷണം പെരുകുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നതോടൊപ്പം പൊലിസിനും തലവേദനയായിട്ടുണ്ട്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏഴു മോഷണമാണ് നഗരത്തിലും പരിസര പ്രദേശത്തുമായി നടന്നത്. ഇത്രയും കേസുകളിലായി ഒമ്പതര പവനോളം സ്വര്‍ണവും ഏഴുപത്തി അയ്യായിരത്തിലധികം രൂപയും നഷ്ടപ്പെട്ടെന്നാണ് കണക്ക്. ഇന്നലെ കല്ലടി കോളജ് പരിസരത്ത് നടന്നതാണ് നഗരത്തിലെ ഏറ്റവും ഒടുവിലത്തെ മോഷണ സംഭവം. നഗരത്തിലും ദേശീയപാതയോരത്തെ കടകളും മറ്റുമെല്ലാമാണ് പ്രധാനമായും മോഷ്ടാവ് ലക്ഷ്യം വെക്കുന്നതെന്നാണ് ഇതുവരെയുള്ള സംഭവങ്ങള്‍ വെളിവാക്കുന്നത്. മിക്കയിടങ്ങളിലും പൂട്ടു തകര്‍ത്താണ് മോഷണം നടത്തിയിട്ടുള്ളതും. മോഷണകേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അയല്‍ ജില്ലകളിലെ പൊലിസ് സ്റ്റേഷനുകളില്‍ സമാനരീതിയില്‍ നടന്ന മോഷണങ്ങളില്‍  പിടിക്കപ്പെട്ട് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുള്ളവരുണ്ടോയെന്നതുള്‍പ്പടെ പൊലിസ് പരിശോധിച്ച് വരുന്നുണ്ട്. ഇത്തരക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായാണ് വിവരം. ജനങ്ങളുടേയും വ്യാപാരികളുടേയും മന:സമാധാനം തകര്‍ക്കുന്ന കള്ളനെ പൂട്ടാന്‍ ശക്തമായ നീക്കങ്ങളാണ് പൊലിസ് നടത്തി വരുന്നത്.
Previous Post Next Post

نموذج الاتصال