മണ്ണാർക്കാട്: തെങ്കര കോൽപ്പാടം അയ്യപ്പക്ഷേത്രത്തിലെ ആൽത്തറയിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ഭണ്ടാരം മോഷണം പോയ കേസിലെ പ്രതിയെ മണ്ണാർക്കാട് പോലീസ് പിടികൂടി. മണ്ണാർക്കാട് കൊറ്റിയോടിൽ താമസിക്കുന്ന കിണറത്തു വീട്ടിൽ കണ്ണൻ (40) ആണ് പിടിയിലായത്. ഭണ്ടാരം മോഷണം പോയതിനെ തുടർന്ന് ലഭിച്ച പരാതിയിൽ മണ്ണാർക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. സിസിടീവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഭവ ദിവസം കാലത്തു 3.30 ന് ഒരാൾ ഭണ്ഡാരം ഇളക്കികൊണ്ടു പോകുന്നതായി കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ 2 കിലോമീറ്റർ അകലെ ഉള്ള തെങ്ങിൻതോപ്പിൽ നിന്നും ഭണ്ഡാരത്തിന്റെ ഒരു ഭാഗം കണ്ടെത്തി. തുടർന്ന് സമീപ പ്രദേശങ്ങളിൽ ഉള്ള സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തുടർന്ന് പോലീസ് പരാതിക്കാരെ ബന്ധപ്പെട്ട് മോഷണം പോയ ഭണ്ഡാരം തന്നെയാണ് കണ്ടെത്തിയതെന്ന് ഉറപ്പു വരുത്തിയതിന് ശേഷം, മണ്ണാർക്കാട് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ എടുത്തു
മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വിവേക്. വി, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് കുമാർ , സിവിൽ പോലീസ് ഓഫീസർ റംഷാദ് എന്നിവർ ചേർന്നാണ് ദ്രുതഗതിയിൽ അന്വേഷണം നടത്തി പ്രതിയെ മോഷണമുതൽ സഹിതം കണ്ടെത്തിയത്.