അലനല്ലൂര്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഭീതിപ്പെടുത്തി ടൗണില്‍ തെരുവുനായക്കൂട്ടത്തിന്റെ സ്വൈര്യവിഹാരം. പത്തോളം നായകളടങ്ങുന്ന സംഘം അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളിന് സമീപത്താണ് പ്രധാനമായും തമ്പടിക്കുന്നത്. അലനല്ലൂര്‍ ഒന്ന് വില്ലേജ് ഓഫിസ്, ഫോട്ടോസ്റ്റാറ്റ് കടകള്‍ ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ ഈ ഭാഗത്തുണ്ട്. ഇവിടേക്കെല്ലാം എത്തുന്നവര്‍ക്ക് നായകള്‍ ഭീഷണിയാകുന്നുണ്ട്.
സംസ്ഥാന പാതയില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്ന പാതയോരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ അടിയിലാണ് നായകള്‍ കിടക്കുന്നത്. വാഹനങ്ങളുടെ അടിയില്‍ കിടക്കുന്ന ഇവയെ പലപ്പോഴും ആട്ടിയോടിക്കാനുമാകാറില്ല. ചിലസമയങ്ങളില്‍ പാതയ്ക്ക് കുറുകെ സംഘമായി നായകള്‍ നില്‍ക്കുന്നതും പതിവു കാഴ്ചയാണ്. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴുമെല്ലാം അധ്യാപകരും സമീപത്തുള്ളവരും കാവല്‍നില്‍ക്കുകയാണ് ചെയ്യുന്നത്. ടൗണിന്റെ പലഭാഗങ്ങളിലും ഇത്തരത്തില്‍ തെരുവുനായക്കൂട്ടം വിഹരിക്കുന്നുണ്ട്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും മറ്റുമാണ് അലഞ്ഞു തിരിയുന്ന നായകളുടെ മറ്റൊരു താവളം.
പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയോരത്ത് കൂടെ നായകള്‍ കൂട്ടത്തോടെ പോകുന്നത് കാണാം. വാഹനയാത്രക്കാര്‍ക്ക് ഇവ പലപ്പോഴും ഭീഷണിയാണ്. ആളുകളെ ആക്രമിക്കുന്ന നായകളും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ജൂണില്‍ ചന്തപ്പടിയില്‍ വെച്ച് കാട്ടുകുളം സ്വദേശിയെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. രൂക്ഷമാകുന്ന നായശല്ല്യത്തിന് പരിഹാരം കാണാന്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ വന്ധ്യംകരണമല്ലാതെ മറ്റ് നടപടികളൊന്നും തെരുവുനായയുടെ കാര്യത്തില്‍ അധികൃതര്‍ക്ക് ചെയ്യാനാകില്ല. ഇതിനാകട്ടെ താലൂക്കില്‍ തന്നെ സംവിധാനവുമില്ല.