മണ്ണാർക്കാട്: ഭാഗ്യം പരീക്ഷിക്കാൻ ലോട്ടറികടയിൽ കയറി ബംബർ ടിക്കറ്റുകൾ മോഷ്ടിച്ച് കള്ളൻ. ചുങ്കത്തെ പി.എസ് ലോട്ടറി എജൻസിയിൽ നിന്നാണ് 3 ഓണം ബംബർ ടിക്കറ്റുകൾ കള്ളൻ മോഷ്ടിച്ചത്. കുമരംപുത്തൂർ എ യു പി സ്ക്കൂളിന് സമീപത്തുള്ള ലോട്ടറി കടയിൽ നിന്ന് ഇന്ന് പുലർച്ചയോടെയാണ് കവർച്ച നടന്നിരിക്കുന്നത്. സംഭവ സ്ഥലത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെ മൂന്നുപേർക്ക് മാറ്റിവെച്ച ലോട്ടറികളാണ് മോഷണം പോയത്. കടയിൽ നിന്ന് രണ്ടായിരം രൂപയും മോഷണം പോയിട്ടുണ്ട്.
ഇതിന് പുറമേ കല്ലടികോളേജിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നു. പയ്യനെടം റോഡിലുള്ള കെ എം ബേക്കറി, ജാസ്മിൻ ഹോട്ടൽ, ആവണി പലചരക്ക് കട എന്നിവിടങ്ങളിലും മോഷണം നടന്നിട്ടുണ്ട്. കടകളുടേയും, ഷട്ടറിന്റേയും, ഗ്രില്ലിന്റേയും പൂട്ടു പൊളിച്ചാണ് കള്ളൻ അകത്ത് കടന്നിട്ടുള്ളത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് വ്യാപാരികൾ വിവരം അറിയുന്നത്. സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിൻ ഹോട്ടലിൽ നിന്ന് 2800 രൂപയും, സുധീഷിന്റെ ആവണി പലചരക്ക് കടയിൽ നിന്ന് 1700 രൂപയും, മൊയ്തുപ്പയുടെ കെ എം ബേക്കറിയിൽ നിന്ന് 300 രൂപയും മോഷണം പോയതായി പരാതിയിൽ പറയുന്നു. പോലീസെത്തി സിസി ടീവി പരിശോധിച്ചതിൽ മുഖം മറച്ച രണ്ട് പേർ മോഷണം നടത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്