മണ്ണാർക്കാട്: ചുങ്കത്തെ പുഷ്പലതയുടെ ലോട്ടറിക്കടയിൽ നിന്ന് ഇന്നലെ മോഷണം പോയ ബംബർ ടിക്കറ്റുകൾക്ക് സമ്മാനമില്ല. നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പാണ് മൂന്ന് ബംബർ ടിക്കറ്റുകൾ മോഷണം പോയത്. ടിക്കറ്റ് മോഷണം പോയ വാർത്ത വന്നയുടനെ മണ്ണാർക്കാട് ചർച്ചയായത് ആ ടിക്കറ്റുകൾക്ക് ഇനി സമ്മാനമടിച്ചാലോ എന്ന വിഷയമായിരുന്നു. ആ ടിക്കറ്റുകൾക്ക് സമ്മാനമടിച്ചാൽ വിഷമവൃത്തത്തിൽ അകപ്പെടുന്നത് കടയുടമ കൂടിയായിരുന്നു. കാരണം അവിടെ നിന്ന് സ്ഥിരം ലോട്ടറിയെടുക്കുന്നവർ നേരത്തെ വിളിച്ച് പണം കൊടുത്ത് മാറ്റിവെച്ച ടിക്കറ്റുകളായിരുന്നു അവ. ഇന്നലെ പുലർച്ചെ കടയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ പണത്തിനൊപ്പം ഓണം ബംമ്പർ ലോട്ടറി ടിക്കറ്റുകൾ കൂടി മോഷ്ടിച്ചത്. പണം നഷ്ടപ്പെട്ടതിലായിരുന്നില്ല പുഷ്പലതയുടെ ആശങ്ക. മോഷ്ടാക്കൾ കൊണ്ടുപോയ ടിക്കറ്റുകൾക്ക് സമ്മാനം ലഭിക്കരുതെന്നായിരുന്നു പ്രാർഥന.
“ബുധനാഴ്ച രാവിലെ വരാമെന്നായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തവർ പറഞ്ഞത്. ആ ടിക്കറ്റുകൾക്ക് സമ്മാനം അടിച്ചിരുന്നെങ്കിൽ അവരോട് ഞാൻ എന്തുസമാധാനം പറയുമായിരുന്നു. ഭാഗ്യംകൊണ്ട് ആ ടിക്കറ്റുകൾക്കൊന്നും ലഭിക്കാതെപോയി. എന്റെ പ്രാർഥന ദൈവം കേട്ടു” പുഷ്പലത പറയുന്നു. പുഷ്പലത വിറ്റ രണ്ട് ബംമ്പർ ടിക്കറ്റുകൾക്ക് പ്രോത്സാന സമ്മാനം ലഭിച്ചിട്ടുണ്ട്. 5000, 1000 എന്നിങ്ങനെ. ഭർത്താവ് സിദ്ധാർഥനും ചുങ്കത്ത് ലോട്ടറിക്കച്ചവടമാണ്. മൂന്ന് മക്കളാണ് ഇവർക്ക്. ലോട്ടറിവിറ്റുകിട്ടുന്ന വരുമാനത്തിൽനിന്നാണ് ഇവരുടെ ജീവിതം.