മണ്ണാർക്കാട്: സാമൂഹിക വിരുദ്ധർ ശല്യം ചെയ്യുന്നതായി വയോധിക പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപം. ഒടുവിൽ പ്രശ്നത്തിൽ ഇടപെട്ട് പോലീസ്. മണ്ണാർക്കാട് നായാടിക്കുന്നിൽ താമസിക്കുന്ന ഗൗരി ബാലകൃഷ്ണനാണ് (72) സാമൂഹിക വിരുദ്ധർ ശല്യം ചെയ്യുന്നതായി പോലീസിൽ പരാതിപ്പെട്ടത്. മണ്ണാർക്കാട് പള്ളിപ്പടിയിൽ ചിത്ര സ്റ്റോർ എന്ന സ്ഥാപനം നടത്തുകയാണ് ഇവർ. ഭർത്താവിന്റെ മരണശേഷം വർഷങ്ങളായി ഇവർ ഒറ്റക്കാണ് താമസം. രാത്രി കാലങ്ങളിൽ വാതിലിൽ മുട്ടിയും, ടോർച്ച് ലൈറ്റ് അടിച്ചും പേടിപ്പെടുത്തുകയാണെന്നാണ് ഗൗരി പറയുന്നത്. മാസങ്ങൾക്ക് മുമ്പേ മണ്ണാർക്കാട് പോലീസിൽ പരാതി എഴുതി നൽകിയെന്നും നോക്കാം എന്ന മറുപടിയല്ലാതെ ഒരു ഇടപെടലും നടത്തിയില്ലെന്നുമായിരുന്നു ഗൗരിയമ്മയുടെ ആക്ഷേപം. വിഷയം ശ്രദ്ധയിൽപ്പെട്ടയുടനെ വ്യാപാരി വ്യവസായി നേതാക്കളായ രമേഷ് പൂർണ്ണിമ, ബാസിത് മുസ്ലിം എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ പള്ളിപ്പടിയിലെ ചിത്ര സ്റ്റോർ സന്ദർശിച്ച് ഗൗരിക്ക് പൂർണ്ണ പിന്തുണ നൽകി
ഈ അമ്മ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം ആണെന്നും ഈ വിഷയം സമിതിഭാരവാഹികളുടെ ശ്രദ്ധയിൽ പെട്ട ഉടനെ ഇവരുമായി ബന്ധപ്പെട്ടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി എന്നും ഇവർക്ക് നീതി ലഭ്യമാകാൻ ആവശ്യമായ ഇടപെടൽ സമിതിയുടെ നേതൃത്വത്തിൽ നിന്നും ഉണ്ടാവും എന്നും രമേശ്പൂർണ്ണിമ പറഞ്ഞു. തുടർന്ന് ഗൗരി ബാലകൃഷ്ണന്റെ വിഷയത്തിൽ പോലീസ് ഇടപെടലും ഉണ്ടായി