മണ്ണാർക്കാട്: കുന്തിപ്പുഴ നിവാസികളെ ഭീതിയിലാഴ്ത്തി ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം. ജി എൽ പി സ്ക്കൂളിന് സമീപത്തെ പ്രദേശങ്ങളിലാണ് ഇവ പെരുകിയിട്ടുള്ളത്. ഈ പ്രദേശത്തെ വീടുകളിലും, പറമ്പിലും, സ്ക്കൂളിലും ആഫ്രിക്കൻ ഒച്ച് വൻ തോതിൽ പെരുകിയ സ്ഥിതിയിലാണ്. വാട്ടർ അതോറിറ്റിയുടെ പഴയ പമ്പ് ഹൗസ് ഒച്ചുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് കുന്തിപ്പുഴ പാലത്തിന് സമീപത്ത് ഒച്ചുകളെ കണ്ടു തുടങ്ങിയത്. മഴ ശക്തമായതോടെ പ്രദേശത്താകെ ഒച്ചുകൾ വളരെ വേഗത്തിൽ വ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചൂണ്ടയിടാൻ പോയ കൃഷ്ണൻകുട്ടിയുടെ കാലിൽ ഒച്ച് തട്ടിയതിനെ തുടർന്ന് ചൊറിച്ചിൽ തുടങ്ങുകയും പിന്നെയത് വൃണമാവുകയും ചെയ്തു. ഡോക്ടറെ കണ്ട് പരിശോധനക്ക് ശേഷമാണതിന് ശമനമായത്. വളരെ പെട്ടെന്ന് പെറ്റുപെരുകി വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ച് കർഷകരുടേയും പേടിസ്വപ്നമാണ്
മനുഷ്യനും ആപത്താണ് ആഫ്രിക്കന്‍ ഒച്ചുകള്‍. നേരിട്ട് സ്പര്‍ശിച്ചാല്‍ ശരീരത്തില്‍ ചൊറിച്ചിലും വൃണവും ഉണ്ടായേക്കും. മസ്തിഷ്ക ജ്വരമുണ്ടാക്കുന്ന നിമ വിരകളുടെ സാന്നിധ്യവും മനുഷ്യനില്‍ രോഗം പടര്‍ത്തുന്ന ഒട്ടേറെ ബാക്ടീരയകളും ഇവയിലുണ്ട്. അതുകൊണ്ട് പെറുക്കിയെടുത്ത് ഒഴിവാക്കേണ്ടി വരുമ്പോൾ കട്ടിയുള്ള തുണിയോ ഗ്ലൗസോ നിർബന്ധമായും ഉപയോഗിക്കണം.
ഉഭയലിംഗ ജീവിയായതിനാല്‍ ഒന്നില്‍നിന്ന് തന്നെ പെറ്റുപെരുകും. 900 മുട്ടകള്‍ ഒരുവര്‍ഷം ഇടുമെന്നാണ് കണക്ക്. ഇവയെ നശിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ മുൻസിപ്പാലിറ്റീ, ആരോഗ്യവിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തിൽ അടിയന്തിരമായി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിയന്ത്രണമാർഗങ്ങൾ
ബോർഡോമിശ്രിതം തളിക്കുന്നതിലൂടെയും ഒച്ചുശല്യമുള്ള പറമ്പുകളുടെ അതിരിലൂടെ കുമ്മായം തൂവുന്നതും ഇവയെ നിയന്ത്രിക്കാൻ ചെയ്യാറുണ്ട്.
പുതിയ കടന്നു കയറ്റക്കാരനായതുകൊണ്ട് ഇവയ്ക്ക് ശത്രുക്കൾ കുറവാണ്. ഉപ്പൻ (ചകോരം, ചെമ്പോത്ത്) ഒച്ചുകളെ ആക്രമിച്ചു തിന്നുന്നുണ്ട്. പക്ഷേ, ഇതുകൊണ്ടുമാത്രം നിയന്ത്രണമാകുന്നില്ല. നിയന്ത്രണത്തിനായി വിവിധ രാജ്യങ്ങളിൽ താറാവിനെ ഉപയോഗിച്ചിരുന്നു.
ഒച്ചുബാധയുള്ള സ്ഥലങ്ങളിൽനിന്നും ചെടികൾ, ജൈവവളം, മണ്ണ്, കാർഷിക പണിയായുധങ്ങൾ, തടി, വാഹനങ്ങൾ എന്നിവ മറ്റു സ്ഥലങ്ങളിക്ക് കൊണ്ടുപോകുമ്പോൾ ഇവ ഒച്ചുകളും മുട്ടകളുമുൾപ്പെടെ വിമുക്തമാണെന്ന് ഉറപ്പുവരുത്തുക.
ഒച്ചിന് ഒളിച്ചിരിക്കാനുള്ള സ്ഥലങ്ങൾ നശിപ്പിക്കുക, ചപ്പുചവറുകൾ, മരക്കഷണങ്ങൾ എന്നിവ കൂട്ടിയിടാതിരിക്കുക, കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുക, ഓടകൾ വൃത്തിയാക്കുക, വീടും പരിസരവും കൃഷിയിടവും വൃത്തിയായി സൂക്ഷിക്കുക.
ഒച്ചുശല്യമുള്ള സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുമ്പോൾ ഇവ പറ്റിപ്പിടിക്കുന്നില്ലെന്ന് ഉറപ്പാക്കുക. മില്ലുകളിൽനിന്ന് തടികളെടുക്കുമ്പോൾ ഒച്ചുകളുണ്ടെങ്കിൽ അവയെ നശിപ്പിക്കുക. ഈർപ്പമേറിയ ഇടങ്ങളിൽ സൂര്യപ്രകാശം പതിക്കാൻ സാഹചര്യമൊരുക്കുക.