മണ്ണാർക്കാട്: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണ്ണമെഡൽ നേടിയ മുഹമ്മദ് അജ്മലിന്റെ വിജയത്തിൽ അഭിമാനത്തോടെ കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്‌കൂളും. ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ റിലേയിലാണ് ഇന്ത്യൻ ടീം സ്വർണ്ണമെഡൽ നേടിയത്. ടീം അംഗമായ അജ്മൽ കല്ലടിയുടെ കായികതാരമായിരുന്നു
2016-18 അധ്യയനവർഷങ്ങളിലാണ് കല്ലടിയിൽ പ്ലസ് ടുവിന് പഠിച്ചത്. ചെർപ്പുളശ്ശേരി നെല്ലായ വാരിയതൊടി വീട്ടിൽ കുഞ്ഞാലി-ആസിയ ദമ്പതികളുടെ മകനാണ്. അജ്മലിനെ മികച്ച അത്‌ലറ്റാക്കിയത് കല്ലടി സ്‌കൂളിലെ ചിട്ടയായ പരിശീലനമായിരുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സ്‌കൂൾ മീറ്റുകളിൽ സംസ്ഥാനതലത്തിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയ അജ്മൽ പ്ലസ്ടുതലത്തിലാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 100, 200, 400 മീറ്ററുകളിലാണ് ഓടിയിരുന്നത്. 2017-ൽ ഭോപാലിൽനടന്ന ദേശീയ സ്‌കൂൾ മീറ്റിൽ 200 മീറ്ററിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്.
4X100 മീറ്റർ, 4X400 മീറ്റർ റിലേകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. കായിക പരിശീലകൻ രാമചന്ദ്രൻ, കായികാധ്യാപകൻ പി.കെ. ജാഫർ ബാബു എന്നിവരാണ് കൂടെയുണ്ടായിരുന്നത്. സ്‌കൂൾഹോസ്റ്റലിൽ താമസിച്ചായിരുന്നു അജ്മലിന്റെ പഠനവും പരിശീലനവും. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലായിരുന്നു ബിരുദപഠനം. നിലവിൽ നാവികസേനയിൽ ഉദ്യോഗസ്ഥനാണ്.