മണ്ണാർക്കാട്: പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ മണ്ണാർക്കാട് അരയംകോട് വെച്ച് 33.8 ഗ്രാം MDMA യുമായി അലനല്ലൂർ സ്വദേശി പിടിയിലായി. അലനല്ലൂർ കർക്കിടംകുന്ന് ചങ്ങരംചാത്തി വീട്ടിൽ സുഭാഷ് (40) ആണ് പിടിയിലായത്. മണ്ണാർക്കാട് , അലനല്ലൂർ ഭാഗത്തെ ലഹരി വില്പനയുടെ മുഖ്യകണ്ണിയാണ് പ്രതി. ലഹരി കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിൾ പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സുഭാഷ് കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. മണ്ണാർക്കാട് മേഖലയിൽ വർദ്ധിച്ചു വരുന്ന ലഹരി വില്പനയും ,ഉപയോഗവും തടയുന്നതിന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കർശന നടപടി സ്വീകരിച്ചു വരികയാണ്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ.എസ്.പി. വി.എ.കൃഷ്ണദാസ് , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ വിവേകിൻ്റെ നേതൃത്വത്തിലുള്ള മണ്ണാർക്കാട് പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ് ,പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.