37 ലിറ്റർ ജവാൻ ‘കാണാനില്ല’

മണ്ണാർക്കാട്: ഓപ്പറേഷൻ ‘മൂൺലൈറ്റിന്റെ’ ഭാഗമായി മണ്ണാർക്കാട് കാഞ്ഞിരം ബവ്കോ ഔട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യ സ്റ്റോക്കിൽ നിന്നു 37 ലിറ്റർ ജവാൻ മദ്യം കുറവുള്ളതായി കണ്ടെത്തി. ഷോപ്പ് മാനേജരിൽ നിന്നു കണക്കിൽപ്പെടാത്ത 22,000 രൂപ പിടികൂടി. മദ്യം വിൽപന നടത്തിയ കണക്കിൽ 16,000 രൂപ കൂടുതൽ കണ്ടെത്തി.

ജില്ലയിൽ ഒലവക്കോട് താണാവ്, കുളപ്പുള്ളി, ആലത്തൂർ ഔട്‌ലെറ്റുകളിലും നടത്തിയ പരിശോധനകളിലും വ്യാപക ക്രമക്കേട് കണ്ടെത്തി. ഒലവക്കോട് താണാവ് ഔട്‌ലെറ്റിൽ മദ്യം വിറ്റ കണക്കിൽ 5400 രൂപയുടെ കുറവും ഷൊർണൂർ കുളപ്പുള്ളി ഔട്‌ലെറ്റിൽ 2450 രൂപയുടെ കുറവും കണ്ടെത്തി. 

ആലത്തൂർ ഔട്‌ലെറ്റിൽ നടത്തിയ പരിശോധനയിൽ മദ്യം വിറ്റ കണക്കിൽ 2500 രൂപ കൂടുതലാണെന്നാണു കണ്ടെത്തിയത്. പലയിടത്തും സ്റ്റോക്കിലും കണക്കുകളിലും ക്രമക്കേടുണ്ടെന്നാണു വിജിലൻസ് പറയുന്നത്. ഒരിടത്തും സ്റ്റോക്ക് വിവരങ്ങൾ പ്രദർശിപ്പിച്ചിരുന്നില്ല. എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്ന മാനദണ്ഡവും പലയിടത്തും പാലിക്കപ്പെട്ടില്ല. 

മദ്യം പേപ്പറിൽ പൊതിഞ്ഞു നൽകണമെന്ന മാനദണ്ഡവും പലയിടത്തും പാലിക്കപ്പെട്ടിട്ടുമില്ല. ഡിവൈഎസ്പി എസ്.ഷംസുദ്ദീൻ, ഇൻസ്പെക്ടർമാരായ എസ്.പി.സുജിത്ത്, ഫിലിപ്പ് സാം, പി.ഷിബു, എസ്ഐമാരായ ബി.സുരേന്ദ്രൻ, കെ.മനോജ്കുമാർ, പി.കെ.സന്തോഷ്, എസ്.മണികണ്ഠൻ, സീനിയർ സിപിഒ എ.ഉവൈസ്, വി.രാജേഷ് എന്നിവരാണു പരിശോധന നടത്തിയത്.
Previous Post Next Post

نموذج الاتصال