മണ്ണാർക്കാട്: മുല്ലാസ് ഹോം അപ്ലയൻസിൽ ഉണ്ടായ തീപിടുത്തം വലിയ ദുരന്തത്തിലേക്ക് പോവാതിരുന്നത് വ്യാപാരികളും, തൊഴിലാളികളും, പ്രദേശവാസികളും അഗ്നിശമനസേനയും നടത്തിയ ഒത്തൊരുമിച്ചുള്ള പ്രയത്നം മൂലമാണെന്ന് പറയാതിരിക്കാൻ ആവില്ല. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് മണ്ണാർക്കാട് ബസ് സ്റ്റാൻഡിന് സമീപത്തുള്ള മുല്ലാസ് ഹോം അപ്ലയൻസസിലെ തീപിടിത്തം ശ്രദ്ധയിൽപ്പെടുന്നത്. തീപടരുന്നത് കണ്ട് ബസ് സ്റ്റാന്‍ഡിലെ ചുമട്ടു തൊഴിലാളികള്‍ പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തും മുന്‍പ് തൊഴിലാളികളും, വ്യാപാരികളും, നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. മണ്ണാർക്കാട്, കോങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേന യൂണിറ്റുകളെത്തി. ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. ടെലിവിഷൻ, ഫ്രിഡ്ജ്, എയര്‍ കണ്ടീഷന്‍ ഉൾപ്പെടെ നൂറിലധികം ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമായിപ്പറയുന്നത്. സമീപത്തെ കടകളിലേക്ക് തീപടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞത് കൂടുതൽ അത്യാഹിതമൊഴിവാക്കി. രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്ന് അഗ്നിശമനസേന ഓഫിസര്‍ അറിയിച്ചു.
അഗ്നിശമനസേനക്കൊപ്പം തൊഴിലാളികളും, പ്രദേശവാസികളും, വ്യാപാരികളും കൈകോർത്തു; ഒഴിവായത് വലിയ അപകടം
byഅഡ്മിൻ
-
0