മണ്ണാർക്കാട് : മാലമോഷ്ടാവിന് എട്ടിന്റെ പണി കൊടുത്ത് വീട്ടമ്മ, ജീവനും കൊണ്ട് രക്ഷപ്പെട്ട് മോഷ്ടാവ്. ഇന്നലെ രാവിലെയാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ നേരെയെത്തിയ ബൈക്ക് യാത്രികന് മാലപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറാതെ വീട്ടമ്മ ശക്തമായി ചെറുത്തുനിന്ന് മോഷ്ടാവിന്റെ കൈയിൽ കടിച്ചതോടെ മാലപൊട്ടിക്കൽശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ടിപ്പുസുൽത്താൻ-കോങ്ങാട് റോഡിൽ റിട്‌സി മലബാർ ഹോട്ടലിന് സമീപത്താണ് സംഭവം. തെങ്കര മേലാമുറി സ്വദേശിനിയാണ് വീട്ടമ്മ. ടിപ്പുസുൽത്താൻ റോഡ് ഭാഗത്ത് ബസിറങ്ങിയശേഷം ഒരു വീട്ടിൽ വീട്ടുജോലിക്കായി പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ബൈക്കിലെത്തിയ യുവാവ് ഇവരുടെ മൂന്നുപവന്റെ മാലയിൽ പിടിച്ചുവലിച്ചു.
യുവാവിന്റെ കൈയിൽ കടന്നുപിടിച്ച വീട്ടമ്മയും പിടിത്തംവിട്ടില്ല. പിടിവലിക്കിടെ യുവാവിന്റെ കൈയിൽ വീട്ടമ്മ ശക്തമായി കടിച്ചതോടെ ഇയാൾ മാലപൊട്ടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ബൈക്കിൽ അതിവേഗത്തിൽ കോങ്ങാട് റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു. ഈ സമയം റോഡിൽ മറ്റു യാത്രക്കാരുമില്ലായിരുന്നു. ബഹളംകേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. ഭയന്നുപോയെങ്കിലും മാല നഷ്ടപ്പെടാത്തതിനാൽ വീട്ടമ്മ പോലീസിൽ പരാതി നൽകിയില്ല. പക്ഷേ, വിവരമറിഞ്ഞതോടെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.