+92 അടക്കമുള്ള നമ്പറുകളിൽ ആരംഭിക്കുന്ന അപരിചിതമായ വാട്‍സാപ് കോളുകൾ എടുക്കരുതെന്നും ഇത്തരം കോളുകൾ വന്നാൽ ആ നമ്പർ അടിയന്തിരമായി ബ്ലോക്ക് ചെയ്യണമെന്നും കൊല്ലം സൈബർ സെൽ എസ്.ഐ ശ്യാം മനോരമ ഓൺലൈൻ ഫാക്ട് ചെക്കിനോട് പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഈ കോളുകൾ അറ്റൻഡ് ചെയ്യുമ്പോൾ അവരുടെ ഹാക്കിംങ് ആപ്ലിക്കേഷൻ പ്രവർത്തിച്ച് ഗാലറിയിലുള്ളതടക്കമുള്ള ഫോണിലെ സ്വകാര്യ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി നമ്മൾ ഗാലറി ആക്സസ് നൽകുന്നത് സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുന്നതിൽ തട്ടിപ്പ്കാരുടെ ജോലി എളുപ്പമാക്കുന്നു. സ്ത്രീകളുടേതടക്കമുള്ള ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് എഐ സാങ്കേതിക വിദ്യ, ഡീപ് ഫേക്ക് എന്നിവ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളും വിഡിയോയും നിർമ്മിച്ച് ഇതേ വ്യക്തിക്ക് തന്നെ അയച്ച് പണം തട്ടുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ലക്ഷ്യമിടുന്നത്. +92ൽ ആരംഭിക്കുന്ന നമ്പർ ടെലികോം സേവനദാതാക്കൾ മുൻപ് തന്നെ ബ്ലോക്ക് ചെയ്തിരുന്നതാണ്. എന്നാൽ ഇത്തരം വിവിധ നമ്പറുകളുമായി തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാസ്തവം
+92ൽ തുടങ്ങുന്ന നമ്പരിലെ വാട്‍സാപ് കോൾ തട്ടിപ്പ് സത്യമാണെന്ന് സൈബർ സെൽ വിഭാഗം സ്ഥിരീകരിച്ചു. ഇത്തരം കോളുകൾ വരുന്ന നമ്പരുകൾ ബ്ലോക്ക് ചെയ്യണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.