മണ്ണാർക്കാട്: മദ്യപിച്ചെത്തി വീട്ടിൽ ബഹളം വെക്കുന്നത് ചോദ്യം ചെയ്യുന്നതിലുള്ള പ്രതികാരത്താൽ മകൻ അമ്മയെ അടിച്ചു പരിക്കേൽപ്പിച്ചു. വിറകുകൊണ്ടുള്ള അടിയേറ്റ് അമ്മയുടെ കൈയ്ക്കാണ് സാരമായ പരിക്കുള്ളത്. ചുള്ളിമുണ്ട കോളനിയിൽ കോലാനി വീട്ടിൽ മാളുക്കുട്ടിയുടെ (58) പരാതിപ്രകാരം മകൻ രാധാകൃഷ്ണനെ (37) മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു.
മണ്ണാർക്കാട് പള്ളിക്കുറുപ്പിൽ ഇക്കഴിഞ്ഞ 31ന് രാത്രിയാണ് സംഭവം. കൂലിപ്പണിക്കാരനാണ് രാധാകൃഷ്ണൻ. സംഭവദിവസം മദ്യപിച്ചെത്തി ബഹളംവെച്ച രാധാകൃഷ്ണനെ മാളുക്കുട്ടി ശകാരിച്ചു. ദേഷ്യംവന്ന ഇയാൾ വീടിനു സമീപമുണ്ടായിരുന്ന വിറകെടുത്ത് അടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് കൈയ്ക്ക് പരിക്കേറ്റത്.
അസഹ്യമായ വേദനയുണ്ടായതിനാൽ ഒന്നാംതീയതി രാവിലെ മണ്ണാർക്കാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ ചോദിച്ചപ്പോഴാണ് പരിക്കിന്റെ വിവരം പറഞ്ഞത്. അധികൃതർ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മാളുക്കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി സ്വീകരിക്കുകയുംചെയ്തു. എസ്.ഐ.മാരായ വി. വിവേക്, സി.എ. സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. രാധാകൃഷ്ണനെ വ്യാഴാഴ്ച മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.