മണ്ണാർക്കാട്: കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ടയാളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. അട്ടപ്പാടി താവളം സ്വദേശി കൃഷ്ണസ്വാമിയെയാണ് (38) മണ്ണാർക്കാട് എസ്.സി-എസ്.ടി. കോടതി ജഡ്ജി ജോമോൻ ജോൺ വെറുതെ വിട്ട് ഉത്തരവായത്.
താവളം ചേരമൻകണ്ടിയൂരിലെ മരുതൻ കൊല്ലപ്പെട്ട കേസിലാണ് കൃഷ്ണസ്വാമി പ്രതിയായത്. 2017-ലാണ് കേസിനാസ്പദമായ സംഭവം. മരുതനെ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ 15 ദിവസത്തിനുശേഷം കൃഷ്ണസ്വാമിയുടെ ഉടമസ്ഥതയിലുള്ള വീടിനകത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്നാണ് കൃഷ്ണസ്വാമി അറസ്റ്റിലായത്. അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. എന്നാൽ, കേസിൽ സാക്ഷികളോ ശാസ്ത്രീയതെളിവുകളോ സാഹചര്യത്തെളിവുകളോ ഹാജരാക്കാൻ പോലീസിനും പ്രോസിക്യൂഷനുമായില്ല.