മണ്ണാർക്കാട്: മലയോരമേഖലയുടെ വളർച്ചയ്ക്കും സംസ്ഥാനത്തെ ഗതാഗത മേഖലയുടെ വികസനത്തിലും മുതൽക്കൂട്ടായി മാറുന്ന നിർദിഷ്ട മലയോര ഹൈവേയുടെ മണ്ണാർക്കാട്ടെ നിർമാണത്തിനായി പ്രാരംഭ നടപടികളാകുന്നു. മണ്ണാർക്കാട് താലൂക്കിലെ കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാനപാതയാണ് മലയോര ഹൈവേയായി പരിണമിക്കുക. 12 മീറ്റർ വീതിയാണ് റോഡിനുണ്ടാകുക. ഇതിൽ ഒമ്പതുമീറ്ററിൽ റബ്ബറൈസ്‍ഡ് ടാറിങ് നടത്തും. ആവശ്യമായ ഇടങ്ങളിൽ ഇരുവശത്തും അഴുക്കുചാലുകളുണ്ടാകും. ടൗണുകളിൽ അഴുക്കുചാലിന് മുകളിൽ സ്ലാബിട്ട് ഓടുകൾ വിരിച്ച് കൈവരികളോടുകൂടിയ നടപ്പാതയും ഒരുക്കും. സാധ്യമായ സ്ഥലത്തെല്ലാം വളവുകൾ നിവർത്തും. താലൂക്കിലെ കുമരംപുത്തൂർ-ഒലിപ്പുഴ സംസ്ഥാനപാതയാണ് മലയോര ഹൈവേയായി പരിണമിക്കുക. ജില്ലാതിർത്തിയായ കാഞ്ഞിരംപാറയിൽനിന്ന് അലനല്ലൂർവഴി കുമരംപുത്തൂർ താഴെചുങ്കംവരെ 18.1 കിലോമീറ്റർ ദൂരത്തിലാണ് ഹൈവേ നിർമിക്കുന്നത്. അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ പഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകുക. മലയോരഹൈവേയ്ക്കായി കേരള റോഡ് ഫണ്ട് ബോർഡ് എസ്റ്റിമേറ്റ് തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. കിഫ്ബിക്ക് സമർപ്പിക്കുകയും സാങ്കേതികാനുമതി ലഭ്യമാവുകയും ചെയ്യുന്നമുറയ്ക്ക് ദർഘാസ് നടപടികളിലേക്ക് കടക്കും. പദ്ധതിക്ക് 91.4 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമായിട്ടുണ്ട്. പദ്ധതിരൂപരേഖയിൽ പൊതുചർച്ച വേണമെന്ന ആവശ്യമുയരുന്നുണ്ട്. വിശദമായ ചർച്ചകൾക്കുകൂടി ലക്ഷ്യമിട്ട് 17-ന് അലനല്ലൂർ പഞ്ചായത്തിൽ എൻ. ഷംസുദ്ദീൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡംഗങ്ങൾ എന്നിവർ പങ്കെടുക്കും.
നിലവിൽ സംസ്ഥാനപാതയുടെ വീതി 15 മീറ്റർമുതൽ 30 മീറ്റർവരെയുണ്ടെന്നാണ് കണക്ക്. ഇതിൽ ഏഴുമുതൽ 12 മീറ്റർവരെയാണ് ടാറിങ്ങുള്ളത്. പദ്ധതിരൂപരേഖയിൽ പൊതുചർച്ച വേണമെന്ന ആവശ്യമുയരുന്നുണ്ട്. വിശദമായ ചർച്ചകൾക്കുകൂടി ലക്ഷ്യമിട്ടാണ് 17-ന് എം.എൽ.എ.യുടെ നേതൃത്വത്തിൽ അലനല്ലൂർ പഞ്ചായത്ത് ഹാളിൽ പകൽ മൂന്നിന് യോഗം ചേരുന്നത്.