മണ്ണാര്‍ക്കാട് : ഉപജില്ലാ സ്കൂള്‍ കലോത്സവത്തിനിടയിലെ സംഘട്ടനവുമായി ബന്ധപ്പെട്ട് കലോത്സവ സംഘാടക സമിതി മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്കി. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് കാസിമിന്റെ നേതൃത്വത്തിലാണ് പരാതി സമര്‍പ്പിച്ചത്. കലോത്സവം അലങ്കോലമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പൊലിസിനെ സമീപിച്ചത്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സി.ഐ. എ.അജീഷ് പറഞ്ഞു. സംഭവത്തില്‍ മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തില്‍ ആതിഥേയരായ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂള്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്കി. സി.സി.ടി.വി. ദൃശ്യങ്ങളും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തതയില്ല. സമ്മാനദാന ചടങ്ങിനിടെ പടക്കം പൊട്ടിയപ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ തുടങ്ങിയതെന്നും സ്കൂളില്‍ സംഭവിച്ച നാശനഷ്ടങ്ങളെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്ശിച്ചിട്ടുണ്ടെന്നുമറിയുന്നു. പരിശോധിച്ച ശേഷം മേലധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എ.ഇ.ഒ. സി.അബൂബക്കര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി പത്തിനാണ് കലോത്സവനഗരിയില്‍ സമ്മാനദാന ചടങ്ങിനിടെ സംഘര്‍ഷമുണ്ടായത്. ചേരിതിരിഞ്ഞ് നടന്ന സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. കസേരകൊണ്ടുള്ള അടിയിലും ഏറിലുമാണ് പരിക്കേറ്റത്. കസേരകളും മേശകളും തകര്‍ന്നു. തുടര്‍ന്ന് സംഘര്‍ഷമൊഴിവാക്കാന്‍ പൊലിസ് ലാത്തിവീശി. വിജയികളായ സ്കൂളുകള്‍ക്ക് ട്രോഫി നല്‍കുന്നതിനിടെയാണ് പടക്കംപൊട്ടിക്കലും വാക് തര്‍ക്കം രൂക്ഷമായതും. ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിച്ചതും പരിഭാന്ത്രിക്കിടയാക്കി. കലോത്സവത്തിനിടെ യാതൊരു അനുമതിപത്രവും ഇല്ലാതെ അശ്രദ്ധമായി പടക്കം പൊട്ടിച്ചതിന് നാല് അധ്യാപകര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
സമ്മാനദാനത്തിനിടെ കൂട്ടത്തല്ല്: സംഘാടക സമിതി പൊലീസില്‍ പരാതി നല്കി
byഅഡ്മിൻ
-
0