മണ്ണാർക്കാട്: മണ്ണാർക്കാട് ദ്രുത പ്രതികരണ സേനയിലെ ജീവനക്കാരെ കൃത്യ നിർവഹണം തടസപ്പെടുത്തി വഴി തടഞ്ഞ് അസഭ്യ വർഷം നടത്തുകയും, ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ മണ്ണാർക്കാട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. വിഷയത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നിയമ നടപടികൾ കൈകൊള്ളണമെന്ന് സംഘടന ആവശ്യപെട്ടു.
കഴിഞ്ഞ ദിവസം പൊതുവപ്പാടത്ത് വെച്ചായിരുന്നു സംഭവം. കാട്ടാന ഇറങ്ങിയിട്ടുണ്ടെന്ന അറിയിപ്പ് കിട്ടിയതിനെ തുടർന്ന് ആർആർടി അവിടെ എത്തുകയും കാട്ടാനയെ കാട്ടിലേക്ക് തുരത്തുകയും ചെയ്തു. വീണ്ടും ആന ഇറങ്ങിയെന്ന അറിയിപ്പ് ലഭിച്ച ആർആർടി സംഘം ആനയെ ഓടിച്ച് തിരിച്ചു വരുന്ന വഴിയിൽ മരങ്ങളും കല്ലുകളും മറ്റും വെച്ച് സംഘത്തിന്റെ വാഹനത്തിന് കടന്ന് പോകാൻ പറ്റാത്ത രീതിയിൽ മനപ്പൂർവമായി തടസ്സം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
പാലക്കാട് ജില്ലയിലെ വടക്കേ അതിർത്തി മുതൽ കല്ലടിക്കോട് വരെ ഉള്ള വിസ്തൃതമായ പ്രദേശവും, ജില്ലയിലെ തന്നെ ഏറ്റവും രൂക്ഷമായ മനുഷ്യ- വന്യ ജീവി സംഘർഷം നേരിടുന്ന മണ്ണാർക്കാട് മേഖലയിൽ രാപ്പകൽ ഭേദമന്യേ സേവനം ചെയ്തു വരുന്ന മണ്ണാർക്കാട് ദ്രുത കർമ്മ സേനയുടേയും, ഈ മേഖലയിൽ ജോലി ചെയ്തു വരുന്ന വനപാലകരേയും മനോവീര്യം തകർക്കുന്ന തരത്തിൽ ഉള്ള ഇത്തരം സ്ഥാപിത താത്പര്യ കക്ഷികളുടെ കുത്സിത ശ്രമങ്ങളെ പൊതു സമൂഹം തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്ന് മേഖല ഭാരവാഹികൾ ആവശ്യപ്പെട്ടു.
മേഖല സെക്രട്ടറി കെ.കെ മുഹമ്മദ് സിദ്ധീഖ്, പ്രസിഡന്റ് എം. മൊഹമ്മദ് സുബൈർ
ട്രഷറർ സന്ധ്യ കെ.എസ്, വൈ. പ്രസിഡന്റ് സുരേഷ് ബാബു, ജോ. സെക്രട്ടറി നിതിൻ ജെ.ജി, ജില്ല കമ്മിറ്റി അംഗം ബി.സുബ്രഹ്മണ്യൻ, ജില്ല കൗണ്സിൽ അംഗങ്ങൾ ആയ അശോകൻ, നാരായണൻകുട്ടി, എന്നിവർ സംസാരിച്ചു.